

ലോകകപ്പിന്‍റെ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ നീക്കത്തിൽ പ്രതിഷേധം.
വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചു. യുവേഫയുടെ അടിയന്തര യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഇനി ഒരു ഫിഫ മത്സരത്തിലും യൂറോപ്യൻ ടീമുകൾ പങ്കെടുക്കില്ലെന്ന് യുവേഫ പ്രസ്താവനയിൽ പറഞ്ഞു.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്‍റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനും പദ്ധതിയുണ്ട്.
പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്.
ഫിഫയുടെ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് യുവേഫ പ്രതികരിച്ചത്. ഫുട്ബോളിന്റെ ഭാവി ഏതാനും സ്വകാര്യ വ്യക്തികളുടെ മുന്നിൽ പണയം വെക്കാൻ അനുവദിക്കില്ലെന്ന് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകകപ്പ് കച്ചവടത്തിനുള്ള ഒരു നിക്ഷേപ ഉൽപ്പന്നമല്ല. അത് തലമുറകളായി താരങ്ങളും ആരാധകരും പടുത്തുയർത്തിയ ഫുട്ബോളിന്‍റെ മഹത്തായ പാരമ്പര്യമാണ് എന്നും യുവേഫ ഓർമിപ്പിച്ചു.
content highlights: uefa threatens fifa world cup boycott private investment plan