

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ മുന്നേറ്റം . 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 13,255 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,06,040 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 27 രൂപ വർധിച്ച് 14,460 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 10,845 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയുള്ള തുക കൂടി നല്‍കേണ്ടി വരും. ഉദാഹരണത്തിന് 5% പണിക്കൂലിയും 3% ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ 22 കാരറ്റ് സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,14,682 രൂപ ചെലവാകും. ഇതിൽ വില്‍പ്പന വിലയായ 1,06,040 രൂപയ്ക്ക് പുറമേ 5,302 രൂപ പണിക്കൂലിയായും 3,340 രൂപ ജിഎസ്ടിയായും വരും. ഇതിനും പുറമെ ചെറിയൊരു തുക ഹാള്‍മാർക്കിങ് ചാർജ് ആയും നല്‍കേണ്ടി വരും.
അതേസമയം, ജൂലൈ മാസത്തിൽ വൻ ഏറ്റക്കുറച്ചിലുകൾക്കാണ് കേരളത്തിലെ സ്വർണവിപണി സാക്ഷ്യം വഹിച്ചത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഒരു പവന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഏറ്റവും ഉയർന്ന നിരക്കാകട്ടെ ജൂലൈ 23-ന് രാവിലെ രേഖപ്പെടുത്തിയ 1,08,000 രൂപയും.
മാസത്തിന്റെ തുടക്കത്തിൽ 1.03 ലക്ഷത്തിൽ നിലനിന്നിരുന്ന സ്വർണവില ആദ്യ ദിനങ്ങളില്‍ തന്നെ വേഗത്തിൽ ഉയർന്ന് ജൂലൈ 3-ഓടെ 1,07,800 രൂപയിൽ എത്തിയിരുന്നു. തുടർന്ന് മാസം മുഴുവൻ 1.04 ലക്ഷത്തിനും 1.07 ലക്ഷത്തിനും ഇടയിൽ നിരക്ക് തുടർച്ചയായി മാറിമറിഞ്ഞു. ജൂലൈ 23-ലെ റെക്കോർഡ് നിരക്കിന് ശേഷം വില കുറയുകയും അവസാന ദിവസങ്ങളിൽ 1.05 ലക്ഷത്തിനും 1.06 ലക്ഷത്തിനും ഇടയിൽ വിലസ്ഥിരത കൈവരിക്കുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ പ്രധാന കാരണം. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.
ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക അനിശ്ചിതത്വ ഭീതിയും കാരണം സുരക്ഷിത നിക്ഷേപം (Safe-haven asset) എന്ന നിലയിൽ വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് ഉയർന്ന നിരക്ക് നിലനിർത്താൻ കാരണമാകുന്നുണ്ട്. ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കുന്ന പ്രവണത തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ ചെറിയ തോതിലുള്ള വ്യതിയാനങ്ങൾക്ക് കാരണമാകാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Gold prices in Kerala increased on the final day of the month, taking the price of an eight-gram sovereign back above the ₹1,06,000 mark. The latest rise reflects continued fluctuations in the bullion market as traders and consumers monitor global gold prices, currency movements, and domestic demand.