

യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ സംഭവിക്കുന്ന സാഹചര്യത്തില്‍ അതില്‍നിന്നെല്ലാം രക്ഷപെട്ട് സുരക്ഷിതമായിരിക്കാന്‍ ഒരു സ്ഥലം ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സുരക്ഷിതമായ ഒരു സ്ഥലം ഉണ്ട്. അത് എവിടെയാണെന്നും അതിന്റെ പ്രത്യേകത എന്തൊക്കെയാണെന്നും അറിയാം.
ലോകം ഒരു വലിയ യുദ്ധത്തിന്റെയോ ആണവ ആക്രമണത്തിന്റെയോ ഭീഷണി നേരിടുമ്പോഴെല്ലാം മനുഷ്യന്റെ സുരക്ഷ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നു. വടക്കന്‍ യൂറോപ്പിലെ ഒരു രാജ്യമായ ഫിന്‍ലാന്‍ഡ് അത്തരമൊരു പ്രതിസന്ധിയെ നേരിടുന്നതില്‍ ശ്രദ്ധേയമായ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ മനോഹരമായ തെരുവുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തൊട്ടുതാഴെ ഒരു മുഴുവന്‍ ഭൂഗര്‍ഭ നഗരം സ്ഥിതിചെയ്യുന്നുണ്ട്.

പ്രദേശവാസികള്‍ ഇതിനെ The second city എന്നാണ് വിളിക്കുന്നത്. ഭൂമിക്കടിയില്‍ പാറയില്‍ കൊത്തിയെടുത്ത ഈ സംവിധാനം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ആണവ ആക്രമണവും വിഷവാതകവും ജൈവ ആയുധങ്ങങ്ങളോ ഒന്നും ഈ സ്ഥലത്ത് നാശം വിതയ്ക്കില്ല എന്നാണ് കരുതപ്പെടുന്നത്.
ഫിന്‍ലാന്‍ഡിന്റെ സുരക്ഷാ മാതൃക ഒറ്റരാത്രികൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല. അത് ഒരു കയ്‌പേറിയ ചരിത്ര പാഠത്തില്‍ വേരൂന്നിയതാണ്. 1939-ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് റഷ്യ ഫിന്‍ലാന്‍ഡ് ആക്രമിച്ച സമയത്താണ് ഫിന്‍ലാന്‍ഡ് തങ്ങളുടെ സുരക്ഷയ്ക്കായി ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്യാന്‍ തുടങ്ങിയത്. അതിനുശേഷം, ഫിന്നിഷ് സര്‍ക്കാര്‍ രാജ്യത്തുടനീളം 5,500-ലധികം അത്യാധുനിക ഷെല്‍ട്ടറുകളും ബങ്കറുകളും നിര്‍മ്മിക്കുകയായിരുന്നു.

ഹെല്‍സിങ്കി നഗരത്തിലെ ആകെ ജനസംഖ്യ ഏകദേശം 675,000 ആണ്. എന്നാല്‍ ഈ ഭൂഗര്‍ഭ ബങ്കറുകള്‍ക്ക് ഒരേസമയം ഏകദേശം 1 ദശലക്ഷം ആളുകളെ പാര്‍പ്പിക്കാനുള്ള ശേഷിയുണ്ട്. അതായത് നഗരത്തിലെ പൗരന്മാര്‍ക്കൊപ്പം പുറത്തുനിന്നുള്ളവര്‍ക്കും മതിയായ ഇടമുണ്ടെന്നര്‍ഥം. ഈ പദ്ധതി നിയമവിധേയമാക്കാന്‍ ഫിന്നിഷ് സര്‍ക്കാര്‍ 1954-ല്‍ ഒരു കര്‍ശനമായ നിയമം നടപ്പിലാക്കി. ഈ നിയമപ്രകാരം 1,200 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ഏതൊരു പുതിയ കെട്ടിടത്തിന്റെയും ബേസ്‌മെന്റില്‍ ബോംബ് പ്രൂഫ് ഷെല്‍ട്ടര്‍ ഉണ്ടായിരിക്കണമെന്നാണ്.

ഭൂമിക്കടിയില്‍ ഏകദേശം 25 മീറ്റര്‍ (80 അടി) താഴ്ചയില്‍ നിര്‍മ്മിച്ച ഈ ബങ്കറുകള്‍ ഒരു ആധുനിക നഗരം പോലെയാണ്. ഉദാഹരണത്തിന് 2003 ല്‍ പൂര്‍ത്തിയാക്കിയ 71,000 ക്യുബിക് മീറ്റര്‍ ഷെല്‍ട്ടറിന് ഏഴ് നില കെട്ടിടത്തിന്റെ അത്ര വലുപ്പമുണ്ട്. ഇതില്‍ ഒരു നീന്തല്‍ക്കുളം, സ്‌പോര്‍ട്‌സ് പിച്ച്, ജിം, കുട്ടികളുടെ കളിസ്ഥലം എന്നിവയെല്ലാം ഉണ്ട്. മാത്രമല്ല പ്രധാന ഗേറ്റില്‍ രണ്ട് കനത്ത നീല വാതിലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഒരു വലിയ ബോംബ് സ്‌ഫോടനം ഉണ്ടായാല്‍ അതിന്റെ ശക്തമായ ഷോക്ക് തരംഗങ്ങളെ ആദ്യത്തെ വാതില്‍ ആഗിരണം ചെയ്യുന്നു. അതേസമയം രണ്ടാമത്തെ വാതില്‍ അപകടകരമായ രാസവസ്തുക്കള്‍, ജൈവ ഏജന്റുകള്‍, ന്യൂക്ലിയര്‍ വികിരണം എന്നിവയുടെ പ്രവേശനം പൂര്‍ണ്ണമായും തടയുന്നു.

ഈ ബങ്കറുകളെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം അവ വെറുതെ ശ്രദ്ധയില്ലാതെ കിടക്കുന്നവയല്ല എന്നതാണ്. സാധാരണ ദിവസങ്ങളില്‍ സ്‌പോര്‍ട്‌സ്, ജിമ്മിംഗ്, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തദ്ദേശവാസികള്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ഇത് അവരെ ഭൂമിക്കടിയില്‍ സമയം ചെലവഴിക്കാന്‍ ശീലിപ്പിക്കുന്നു. ഒരു ദേശീയ അടിയന്തരാവസ്ഥയോ യുദ്ധമോ പൊട്ടിപ്പുറപ്പെട്ടാല്‍ ഈ പൊതു ഇടങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ ഒരു വലിയ സുരക്ഷിതമായ ക്യാമ്പായി മാറുന്നു. ബങ്ക് കിടക്കകള്‍, വലിയ കുടിവെള്ള ടാങ്കുകള്‍, പോര്‍ട്ടബിള്‍ ടോയ്ലറ്റുകള്‍ എന്നിവ വേഗത്തില്‍ സ്ഥാപിക്കപ്പെടുന്നു. ഇത് മാസങ്ങളോളം സുരക്ഷിതവും തടസ്സമില്ലാത്തതുമായ താമസവും അനുവദിക്കുന്നു.
Content Highlights :One could remain safe here even in the event of war. In which country is such a place located? How many people can find refuge here? What are its special features?