

പ്രേതബാധയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള കഥകള്‍ എപ്പോഴും കൗതുകവും ആകാംഷയും നല്‍കുന്നവയാണ്. എന്നാല്‍ നമ്മള്‍ യാത്രചെയ്യുന്ന ഒരു സ്ഥലത്ത് പ്രേതബാധ ഉണ്ടെങ്കിലോ?. ആ അനുഭവം പ്രത്യേകത നിറഞ്ഞതായിരിക്കും അല്ലേ?. അത്തരത്തിലൊരു കടല്‍ത്തീരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗുജറാത്തിലെ ഡുമാസ് ബീച്ച് അതിന്റെ സൗന്ദര്യത്തേക്കാള്‍ നിഗൂഢമായ കഥകള്‍ക്ക് പേരുകേട്ടതാണ്. സൂറത്ത് നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് പകല്‍ സമയത്ത് ശാന്തവും മനോഹരവുമായി കാണപ്പെടുന്നു. രാത്രിയില്‍ ഇത് ഭയാനകമാകും. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രേതബാധയുള്ള ബീച്ചായി ഇതിനെ കണക്കാക്കുന്നത്.

ഡുമാസ് ബീച്ചിന്റെ ഏറ്റവും പ്രധാന സവിശേഷത അവിടുത്തെ കറുത്തനിറമുള്ള മണലാണ്. മിക്ക ബീച്ചുകളും സ്വര്‍ണ്ണനിറത്തിലുള്ള മണല്‍കൊണ്ട് സമ്പന്നമാണെങ്കിലും ഇവിടുത്തെ മണലിന് കടും കറുപ്പ് നിറമാണ്. തിരമാലകള്‍, വിശാലമായ കറുത്ത മണ്ണ്, സന്ധ്യയ്ക്ക് ശേഷം നിറയുന്ന നിശബ്ദത എന്നിവയെല്ലാം ആ സ്ഥലത്തിന് ഒരു ഹൊറര്‍-സിനിമയുടെ അനുഭവം നല്‍കുന്നു. ഒരുകാലത്ത് ഈ പ്രദേശം ശവസംസ്‌കാരം നടത്തിയിരുന്ന സ്ഥലമായിരുന്നുവെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. അതിനുശേഷമാണ് ഈ സ്ഥലം പ്രേതബാധയുള്ളതെന്ന് പേരുകേട്ടതായി മാറിയത്.

രാത്രിയില്‍ ഇവിടെ വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതായി പലരും അവകാശപ്പെടുന്നു. സന്ധ്യ കഴിഞ്ഞാല്‍ ആരോ തങ്ങളെ പിന്തുടരുന്നുണ്ടെന്നോ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നോ തോന്നിയിരുന്നു എന്നാണ് ചില വിനോദസഞ്ചാരികളുടെ അനുഭവം. ചിലപ്പോള്‍ ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന നായ്ക്കള്‍ പോലും ഇരുട്ടില്‍ പെട്ടെന്ന് കുരയ്ക്കാന്‍ തുടങ്ങും. ഇതെല്ലാം ആളുകളുടെ ഭയം വര്‍ദ്ധിപ്പിക്കുന്നു. ഈ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെങ്കിലും ഡുമാസ് ബീച്ചിന്റെ കഥകള്‍ ഇപ്പോഴും ആവേശവും ഭയവും ഉണര്‍ത്തുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭയത്തിനും നിഗൂഢതയ്ക്കുമിടയില്‍, ഡുമാസ് ബീച്ചിന്റെ ഭംഗി ആളുകളെ ആകര്‍ഷിക്കുന്നു. കറുത്ത മണലും നീലക്കടലും കൂടിച്ചേര്‍ന്ന സവിശേഷവും ആകര്‍ഷകവുമായ കാഴ്ച മനോഹരമായ അനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്ഥലം ഒരു പ്രത്യേക അനുഭവംതന്നെയാണ്. രുചികരമായ ഭക്ഷണങ്ങള്‍ ലഭിക്കും എന്നതും കടല്‍ത്തീരം സന്ദര്‍ശിക്കുന്നതിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
ഇവിടുത്തെ കറുത്ത മണല്‍ പ്രകൃതിദത്ത ധാതുക്കള്‍ മൂലമാകാമെന്നും രാത്രിയില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ കടല്‍ക്കാറ്റിന്റെയും തിരമാലകളുടെയും ഫലമായിരിക്കാം എന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. സത്യം എന്തുതന്നെയായാലും, യാത്രകളില്‍ സാഹസികതയും നിഗൂഢതയും തേടുന്നവര്‍ക്ക് ഡുമാസ് ബീച്ച് ഇപ്പോഴും വളരെ സവിശേഷമായ ഒന്നായി കണക്കാക്കപ്പെടുന്നു.
Content Highlights :Dumas Beach in Gujarat is known more for its mysterious stories than for its beauty.