'അവനെ വിമര്‍ശിക്കുന്നത് ശരിയല്ല': വൈഭവിനെ പിന്തുണച്ച് സിംബാബ് വെ ക്യാപ്റ്റന്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച വൈഭവിന് കാര്യമായി തിളങ്ങാനായിരുന്നില്ല

'അവനെ വിമര്‍ശിക്കുന്നത് ശരിയല്ല': വൈഭവിനെ പിന്തുണച്ച് സിംബാബ് വെ ക്യാപ്റ്റന്‍
dot image

ഇന്ത്യയുടെ പതിനഞ്ചുകാരന്‍ യുവ ഓപ്പണിങ് താരം വൈഭവ് സൂര്യവംശിയെ ചുരുങ്ങിയ മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് സിംബാബ്വെ ട്വന്റി-20 ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. വെറും രണ്ടോ മൂന്നോ മത്സരങ്ങള്‍ക്ക് ശേഷം ഒരു യുവതാരത്തെ വിമര്‍ശിക്കുന്നത് തികച്ചും അന്യായമാണെന്നും രാജ്യാന്തര ക്രിക്കറ്റുമായി പൊരുത്തപ്പെടാന്‍ അവന് ആവശ്യത്തിന് സമയം നല്‍കണമെന്നും സിക്കന്ദര്‍ റാസ പറഞ്ഞു. ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് റാസ സൂര്യവംശിയെ പ്രശംസിക്കുകയും വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തത്.

15-ാം വയസ്സില്‍ തന്നെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞത് സൂര്യവംശിയുടെ അസാമാന്യ കഴിവ് ഒന്നുകൊണ്ട് മാത്രമാണെന്ന് സിക്കന്ദര്‍ റാസ ചൂണ്ടിക്കാട്ടി. 'പതിനഞ്ചാം വയസ്സില്‍ ഇന്ത്യയെപ്പോലെ വലിയൊരു രാജ്യത്തിന്റെ ദേശീയ ടീമില്‍ കളിക്കുക എന്നത് ചെറിയ കാര്യമല്ല. അത്രയധികം പ്രതിഭ ഉള്ളതുകൊണ്ട് മാത്രമാണ് അവന്‍ ആ സ്ഥാനത്ത് എത്തിയത്. ഉയര്‍ന്ന തലത്തില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്. തുടക്കത്തിലെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെന്ന് വെച്ച് അവന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല,' റാസ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിന്റെ അന്തരീക്ഷത്തോടും വേഗതയോടും പൊരുത്തപ്പെടാന്‍ ഏതൊരു കളിക്കാരനും സമയം ആവശ്യമാണ്. സൂര്യവംശി ഭാവിയില്‍ വലിയ തരംഗമായി മാറാന്‍ ശേഷിയുള്ള താരമാണെന്നും, അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ആത്മവിശ്വാസം തകര്‍ക്കുന്നതിന് പകരം ആ യുവതാരത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും സിംബാബ്വെ നായകന്‍ കൂട്ടിച്ചേര്‍ത്തു.


ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സൂര്യവംശി, ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ബിസിസിഐയും ടീം മാനേജ്മെന്റും വലിയ പ്രതീക്ഷയോടെ കാണുന്ന ഈ യുവ ഓപ്പണര്‍ക്ക് സിംബാബ്വെക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വ്യാഴാഴ്ച ഹരാരെയിലാണ് ഇന്ത്യ-സിംബാബ്വേ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം.

content highlights: "Criticising Him Is Not Right": Zimbabwe Captain Sikandar Raza Backs Vaibhav Sooryavanshi

dot image
To advertise here,contact us
dot image