CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്, പാര്‍ലമെന്റില്‍ വന്‍ സുരക്ഷ

കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടെത്തിയിരുന്നു

CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്, പാര്‍ലമെന്റില്‍ വന്‍ സുരക്ഷ
dot image

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നതായി വിവരം. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാഢ്യവുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് സമരവേദിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ശിവസേന(യുബിടി) നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ ഇന്നലെ ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു. കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ കെജ്‌രിവാള്‍ നേരിട്ടെത്തിയിരുന്നു. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആംആദ്മി പാര്‍ട്ടി രംഗത്ത് വന്നു. സിജെപി സമരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനം. ജന്തര്‍ മന്ദര്‍ സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ആണെന്നാണ് ആരോപണം. കോണ്‍ഗ്രസ് സമരം ബിജെപിയുടെ അറിവോടെയാണെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു.

സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ ആറ് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരിച്ചറിയാത്ത ആളുകളുടെ പേരിലാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ പൊലീസ് സിസിടിവി ക്യാമറ പരിശോധിക്കുന്നു എന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. 50000 പേര്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് പോലീസ് വിലയിരുത്തല്‍. പ്രതിഷേധക്കാർ ജന്തര്‍ മന്ദറിൽ ഇന്നും സജീവമായിട്ടുണ്ട്. അതിരാവിലെ തന്നെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് പൊളിച്ചു നീക്കിയ സമരപ്പന്തല്‍ വീണ്ടും പ്രതിഷേധക്കാര്‍ നിര്‍മിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ സമവായം കാണാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോർട്ടുകൾ. ജെ പി നദ്ദ പരുക്കേറ്റവരെ കണ്ടത് അനുനയ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ജിതേന്ദ്ര സിംഗ് സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നും വിവരമുണ്ട്. പ്രതിഷേധങ്ങളില്‍ ബിജെപിക്ക് ആശങ്ക ഉണ്ടെന്നാണ് സൂചന. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ സമരം ആപ്രതീക്ഷിതമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും വിലയിരുത്തുന്നുണ്ട്.

മിന്നല്‍ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാര്‍ലമെന്റിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പൊലീസ്, സിആര്‍പിഎഫ് സേനകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. റാപിഡ് ആക്ഷന്‍ ഫോഴ്‌സും സുരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്. പ്രധാന റോഡുകള്‍ അടച്ചിരിക്കുകയാണ്. ഇന്നും അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തുന്നത്. രാഷ്ട്രപതി ഭവനിലേയ്ക്കടക്കം മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ബിഎസ്എഫ് അടക്കമുള്ള കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. രാവിലെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം പാര്‍ലമെന്റ് കവാടത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും നീക്കമുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയിലെ പ്രതിഷേധങ്ങള്‍ പരിഗണിച്ച് കണ്ണീര്‍ വാതകവും ടിയര്‍ ഗ്യാസുമടക്കം പാര്‍ലമെന്റിന് മുന്നില്‍ സജീകരിച്ചിരിക്കുകയാണ്.

Content Highlights: The CJP-led protest has received wider backing from opposition parties, with prominent leaders expressing solidarity at Jantar Mantar. AAP chief Arvind Kejriwal accused the Congress of trying to weaken the student movement and divert public attention from the ongoing agitation, intensifying the political confrontation.

dot image
To advertise here,contact us
dot image