
വീട്ടില്‍ നിന്ന് ഓഫീസിലേക്ക്, ഓഫീസില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കിട്ടുന്ന ഓഫെല്ലാം ഉറങ്ങാന്‍ പോലും തികയുന്നില്ല. ഈ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു യാത്ര പോയേ മതിയാകൂ എന്ന് ചിന്തിച്ചിരിക്കുകയാണോ..എങ്കില്‍ വൈകേണ്ട, എന്താ ബജറ്റാണോ പ്രശ്‌നം..വെറും 25,000 രൂപകൊണ്ട് പോയിവരാവുന്ന അടിപൊളി ടൂറിസ്റ്റ് സ്‌പോട്ടുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ആദ്യം ഇന്ത്യ കാണൂ എന്നിട്ട് ലോകം കാണാം എന്നാകണം ലക്ഷ്യം..
ഇന്ത്യയിലെ നഗരങ്ങള്‍ ചെറിയ ചെറിയ ട്രിപ്പുകള്‍ക്ക് പെര്‍ഫെക്ട് ആയിട്ടുള്ള ചില സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അടിപൊളി താമസം, ഇന്ത്യയുടെ വൈവിധ്യങ്ങള്‍ മനസ്സിലാക്കിത്തരുന്ന രുചികള്‍, എന്നിവയെല്ലാം ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്രകളിലൂടെ നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ തേടിയെത്തും. ഒരു ഇന്ത്യയെ കണ്ടെത്തല്‍ തന്നെയായിരക്കും ഇത്തരം യാത്രകളെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. ഏതൊക്കെയാണ് ആ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ എന്നല്ലേ? പറയാം
മൈസൂരു
പൈതൃക നഗരിയിലൂടെയുള്ള സഞ്ചാരം, വളരെ ചെലവുകുറഞ്ഞ പൊതുഗതാഗതം, അമ്പത് തരത്തിലുള്ള ദോശ തുടങ്ങി മൈസൂരുവില്‍ നിങ്ങളെ കാത്തിരിക്കുന്നത് മനോഹരമായ നിരവധി സംഭവങ്ങളാണ്. കൊട്ടാരങ്ങളും മാര്‍ക്കറ്റുകളും ഉള്‍പ്പെടെ കാഴ്ചകള്‍ നിരവധിയാണ്.
ചെന്നൈ
മറീന ബീച്ചിന് അരികില്‍ താമസിച്ച് നൂറുരൂപയ്ക്ക് താഴെയുള്ള ലോക്കല്‍ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് ചെന്നൈ യാത്ര അടിപൊളിയാക്കാം. സബര്‍ബന്‍ ട്രെയിന്‍ യാത്രയും ആസ്വദിക്കാം. മഹാബലിപുരത്തേക്കുള്ള ഒരു യാത്രയും നടത്താം.
ഹൈദരാബാദ്
150 രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി കിട്ടും. നല്ല ഒന്നാന്തരം ഹൈദരാബാദി ബിരിയാണി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ബിരിയാണി കഴിച്ചിരിക്കണം. അതുപോലെ പൈതൃക സൈറ്റുകളിലേക്ക് നിസ്സാരമായ എന്‍ട്രി ഫീസാണ് നല്‍കേണ്ടി വരിക.യാത്രയ്ക്ക് മെട്രോയെ ആശ്രയിക്കാം. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ എല്ലാം കുറച്ചുദിവസത്തിനുള്ളില്‍ നല്‍കുന്ന അതിമനോഹര നഗരം. ഇനി ആഭരണപ്രിയരാണെങ്കില്‍ മുത്തുകളുടെ നഗരത്തില്‍ നിന്ന് അതും നിരവധി ചുരുങ്ങിയ വിലയ്ക്കുള്ളില്‍ വാങ്ങിക്കൂട്ടാം.
ഗോവ
ഓഫ് സീസണാണെങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നതിലും ചെലവുകുറവുള്ള യാത്രികരുടെ പറുദീസയാണ് ഗോവ. സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്ത് ഗോവയിലെ ഇട്ടാവട്ടത്ത് സഞ്ചരിക്കാം. ബീച്ച് ഹോംസ്‌റ്റേയില്‍ താമസിക്കാം. 25,000 രൂപ കടക്കില്ലെന്ന് നൂറുശതമാനം ഉറപ്പ്.
അപ്പോ വൈകേണ്ട, ഈ വീക്കെന്‍ഡ് യാത്ര വൈകാതെ പ്ലാന്‍ ചെയ്‌തോളൂ..ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്!
Content Highlights: Budget Friendly Indian Cities to Travel