
ഇസ്ലാമാബാദ്: സൈനിക മേധാവി അസിം മുനീർ പാകിസ്താൻ പ്രസിഡന്റ് ആയേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സൈന്യം. ആസിഫ് അലി സർദാരിക്ക് പകരമായി അസിം മുനീർ പ്രസിഡന്റ് ആയേക്കുമെന്ന ഊഹാപോഹങ്ങൾ സമൂഹമാധ്യമത്തിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വിഷയം കൈകാര്യം ചെയ്യുകയുണ്ടായി. ഇതിനിടെയാണ് പാക് സൈന്യത്തിന്റെ സുപ്രധാന പ്രതികരണം.
അസിം മുനീറിന് പ്രസിഡൻ്റ് സ്ഥാനത്തെത്താൻ യാതൊരു താല്പര്യവുമില്ലെന്നും അത്തരം നിർദേശങ്ങളോ നീക്കങ്ങളോ നടക്കുന്നില്ലെന്നും സൈനിക വക്താവ് ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വ്യക്തമാക്കി. ദ എക്കണോമിസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സൈനിക വക്താവിന്റെ പ്രതികരണം. അസിം മുനീർ പ്രസിഡന്റാകുമെന്ന ചർച്ചകൾ ഉയരുന്നുണ്ട് എന്നാൽ ഇവ അടിസ്ഥാന രഹിതമാണ് എന്നായിരുന്നു അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്.
അതേസമയം ആസിഫ് അലി സർദാരിയെ പുറത്താക്കിയേക്കുമെന്ന വാർത്തകൾ ഉയർന്നിരുന്നെങ്കിലും പാക് പ്രധാനമന്ത്രി ഷെബ്ഹാസ് ഷെരീഫും മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ഇത് തള്ളുകയാണുണ്ടായത്. പ്രധാനമന്ത്രിക്കൊപ്പം ഈ വർഷം ആദ്യം അസിം മുനീർ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. പിന്നാലെ ഭരണ രംഗത്തേക്കുള്ള സൈനിക മേധാവിയുടെ കടന്നുവരവ് സജീവ ചർച്ചയായിരുന്നു.
ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് തന്റെ രണ്ടാം യുഎസ് സന്ദർശനത്തിന് ഒരുങ്ങുകയാണ് അസിം മുനീർ. ഇതിനിടെയാണ് പാക് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച വാർത്തകൾ വീണ്ടും ഉയർന്നത്. യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ യാത്രയപ്പ് ചടങ്ങിൽ അസിം മുനീർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മുനീറിന്റെ സന്ദർശനത്തിലൂടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് യുഎസ് ഉന്നയിക്കുന്ന വാദം. എന്നാൽ പാക് ഭരണത്തിൽ യുഎസ് സ്വാധീനം ചെലുത്താനാണ് നീക്കമെന്നും വിമർശനമുയരുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടന്ന് ആഴ്ചകൾക്കുള്ളിൽ അസിം മുനീർ അമേരിക്കയിലെത്തി ട്രംപിനെ സന്ദർശിച്ചിരുന്നു.
Content Highlights: The Pakistan Army has Denied as rumours that Army Chief Asim Munir plans to become the next President