
കുവൈത്തില്‍ നിയമ ലംഘനം നടത്തി പ്രവർത്തിച്ചിരുന്ന 161 സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാന്‍ ഉത്തരവ്. ജനറല്‍ ഫയര്‍ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കുവൈത്തിലെ ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു ജനറല്‍ ഫയര്‍ ഫോഴ്‌സ് വിഭാഗത്തിന്റെ പരിശോധന. നിരവധി നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സുരക്ഷാ - അഗ്‌നിശമന നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് 161 വാണിജ്യ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം വ്യാപാര സ്ഥാപനങ്ങള്‍ക്കും കൈമാറി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 221 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കയിട്ടുണ്ട്.
നിശ്ചിത സമപരിധിക്കുളളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതില്‍ വീഴ്ച വരുത്തിയാൽ ഈ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. ഇക്കാര്യം ഉറപ്പാക്കാന്‍ തുടര്‍പരിശോധനയും ഉണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു ഫയര്‍ ഫോഴ്‌സിന്റെ പരിശോധന.
സുരക്ഷാ- അഗ്‌നിശമന നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. വൈദ്യുതി-ജല മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രി, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി തുടങ്ങിയ വകുപ്പുകളും പരിശോധനയുടെ ഭാഗമായി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ക്കെതിരെ വിട്ടുവിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ജനറല്‍ ഫയര്‍ ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി.
Content Highlights: 161 establishments closed in Kuwait fire safety sweep