
ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനോട് താൻ സോറി പറഞ്ഞിരുന്നെന്ന് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിനിടെയാണ് ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്തിന് പരിക്കേൽക്കുന്നത്. ക്രിസ് വോക്സിന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ പന്തിന്റെ കാലിൽ പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റതിന് പിന്നാലെ പന്ത് റിട്ടയർ ഹർട്ടായി മടങ്ങുകയും ചെയ്തു. പിന്നീട് വിക്കറ്റ് കീപ്പറായി പന്ത് ഇറങ്ങിയിരുന്നില്ല. ഏതേസമയം ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പരിക്കേറ്റ കാലുമായി റിഷഭ് പന്ത് ബാറ്റുചെയ്യാനെത്തുകയും നിർണായകമായ അർധ സെഞ്ച്വറി നേടുകയും ചെയ്തു.
ഇപ്പോഴിതാ ഇന്ത്യൻ താരവുമായി ഉണ്ടായ സംഭാഷണത്തെ കുറിച്ച് മനസുതുറക്കുകയാണ് ക്രിസ് വോക്സ്. 'റിഷഭ് പന്ത് ഇൻസ്റ്റഗ്രാമിൽ എന്റെ ഒരു ചിത്രം ഒരു സല്യൂട്ട് ഇമോജിക്കൊപ്പം പോസ്റ്റ് ചെയ്തത് ഞാൻ കണ്ടു. അപ്പോൾ ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞ് മറുപടി അയച്ചു.
പിന്നീട് റിഷഭിൽ നിന്നും എനിക്ക് ഒരു വോയിസ് നോട്ട് ലഭിക്കുകയും ചെയ്തു. എല്ലാം ശരിയാകുമെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹിക്കുന്നു. ഒരു ദിവസം നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നായിരുന്നു പന്തിന്റെ വോയിസ് നോട്ട്. സ്വാഭാവികമായും അദ്ദേഹത്തിന്റെ കാലൊടിഞ്ഞതിൽ ഞാൻ സോറി പറയുകയും ചെയ്തു', ദ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ക്രിസ് വോക്സ് പറഞ്ഞു.
True sportsmanship shines brightest through the actions of Rishabh and Woakes#chriswoakes #bcci #RishabhPant #ovaltest #cricketupdate pic.twitter.com/1nxVGDHscA
— CricInformer (@CricInformer) August 7, 2025
അതേസമയം പരമ്പരയിലെ അവസാന മത്സരത്തിൽ ക്രിസ് വോക്സിനും പരിക്കേറ്റ് പുറത്തുപോവേണ്ടിവന്നിരുന്നു. മാഞ്ചസ്റ്റർ ടെസ്റ്റില്‍ ഇന്ത്യന്‍ താരം കരുൺ നായരുടെ ഷോട്ട് ബൗണ്ടറി തടയുന്നതിനിടെ ഡൈവ് ചെയ്യുമ്പോഴാണ് ക്രിസ് വോക്സിന്റെ കൈയ്ക്ക് പരിക്കേറ്റത്. പിന്നാലെ കളംവിട്ട താരം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ കൈകെട്ടി വെച്ച് ബാറ്റുചെയ്യാനിറങ്ങുകയും ചെയ്തു.
Content Highlights: 'said sorry for the broken foot', England's Chris Woakes reveals heartwarming exchange with Rishabh Pant