
ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുളള പരിശോധന കൂടുതല്‍ ശക്തമാക്കുന്നു. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തുന്നത്. വിവിധ നിമയ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ 106 പ്രവാസികളെ നാടുകടത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നാടുകടത്തിയവരിൽ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞവരും ആവശ്യമായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്തിരുന്നവരായിരുന്നു. ഇത്തരക്കാര്‍ക്ക് ഇനി ബഹ്റൈനിലേക്ക് വീണ്ടും എത്താൻ കഴിയില്ല. കഴിഞ്ഞ ആഴ്ച മാത്രം നടത്തിയത് 1,400ലേറെ പരിശോധനകളാണ്. 14 നിയമ വിരുദ്ധ തൊഴിലാളികളെയും ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്തു.
നാഷണാലിറ്റി പാസ്‌പോര്‍ട്ട് ആന്റ് റെസിന്‍സ് അഫയേഴസ്, വിവിധ ഗവര്‍ണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവരുമായി സഹകരിച്ചും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധനകള്‍ നടത്തിവരുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്ക്കരണ കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയുളള കണക്കുകള്‍ പ്രകാരം 10,000ത്തിലേറെ പ്രവാസികളെയാണ് ബഹ്‌റൈനില്‍ നിന്ന് നാടുകടത്തിയത്. 3,200ലേറെപ്പേർ ഇക്കാലയളവില്‍ അറസ്റ്റിലാവുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം.
Content Highlights: Bahrain tightens checks to detect illegal workers