
സൂപ്പർസ്റ്റാറുകളുടെ സിനിമകളെ റിവ്യൂസ് ബാധിക്കാറില്ലെന്ന് നിര്‍മാതാവും അഭിനേത്രിയുമായ ഷീലു എബ്രഹാം. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് സിനിമകൾ കാണാൻ ആളുകൾ കാത്തിരിക്കും എന്നാൽ ചെറിയ സിനിമകൾ കാണാൻ ആളുകൾ പോകുന്നത് നല്ല റിവ്യൂസ് വരുമ്പോഴാണ്. അത്തരം സിനിമകളെ റിവ്യൂ ബാധിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിൽ ഷീലു എബ്രഹാം പറഞ്ഞു.
'സിനിമ നല്ലതാണെങ്കിൽ എത്ര മോശം ആര് പറഞ്ഞാലും ഓടും എന്ന് പലരും പറയാറുണ്ട്. സൂപ്പർസ്റ്റാറുകളുടെ സിനിമകളെ റിവ്യൂസ് ബാധിക്കാറില്ല. അവരുടെ സിനിമകൾ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തും. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് സിനിമകളൊക്കെ ആളുകൾ നോക്കിയിരിക്കും. അവർക്ക് താഴെയുള്ള അഭിനേതാക്കളുടെ സിനിമ വരുമ്പോഴാണ് പ്രശ്നം വരുന്നത്. കാരണം ആ സിനിമകൾ കാണാൻ ആളുകൾ പോകുന്നത് നല്ല റിവ്യൂസും അഭിപ്രായങ്ങളും വരുമ്പോഴാണ്. ചെറിയ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അതിൽ റിവ്യൂ പറയുന്നവരുടെ വാക്കുകളും ബാധിക്കാറുണ്ട്', ഷീലു അബ്രഹാമിന്റെ വാക്കുകൾ.
അതേസമയം, ഷീലു എബ്രഹാം നിർമിച്ച മോഹൻലാൽ ചിത്രമായ കനലിനെക്കുറിച്ചും അവർ മനസുതുറന്നു. ചിത്രം പരാജയപ്പെടാൻ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്സാണെന്ന് സിനിമയുടെ നിർമാതാവ് കൂടിയായ ഷീലു എബ്രഹാം പറഞ്ഞു. അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കനൽ എന്നും സിനിമയിൽ മോഹൻലാൽ എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്നും ഷീലു കൂട്ടിച്ചേർത്തു.
'കനൽ എന്ന സിനിമ ഞങ്ങൾക്ക് ലോസ് അല്ലായിരുന്നു ബ്രേക്ക് ഇവൻ ആയിരുന്നു. തിയേറ്ററിൽ സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല. മോഹൻലാൽ ആയതു കൊണ്ടുള്ള മെച്ചം ഉണ്ടായിരുന്നു. ആ സിനിമയുടെ കഥയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജനങ്ങൾക്ക് സ്വീകരിക്കാൻ കഴിയാത്ത ക്ലൈമാക്സ്, അതുപോലെ മോഹൻലാൽ എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ ഇല്ല. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ആ സിനിമയ്ക്ക് ഉണ്ടായതായി പ്രേക്ഷകർ പറഞ്ഞിരുന്നു,' ഷീലു എബ്രഹാം പറഞ്ഞു.
Content Highlights: Reviews won't affect superstar films says Sheelu Abraham