നവീകരണ പ്രവർത്തനങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ 114 വിമാനങ്ങൾ റദ്ദാക്കി

RW 10/28ന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ നടക്കുക

dot image

ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് 114 വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി വിമാനത്താവളം. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ അടച്ചിടുന്നതിനാലാണ് പുതിയ തീരുമാനമെന്ന് ഡല്‍ഹി വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎല്‍ അറിയിച്ചു. 144 സര്‍വീസുകള്‍ ഡല്‍ഹിയിലെ മുഴുവന്‍ സര്‍വീസുകളുടെയും 7.5% ആണ്.

മെയ് മാസത്തില്‍ നടത്താനിരുന്ന നവീകരണം വിമാനത്താവളത്തിലെ തിരക്കുകള്‍ മൂലം മാറ്റിവെക്കുകയായിരുന്നു. RW 10/28ന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ നടക്കുക. കൂടാതെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം നവീകരിച്ച് റണ്‍വേ CAT III മാതൃകയിലേക്ക് മാറ്റും. ഇത് മൂടല്‍മഞ്ഞ് പരക്കുന്ന സീസണിലും, മറ്റ് പത ദൃശ്യമാകുന്നതില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ വിമാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാക്കും.

രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളനമാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. പ്രതിദിനം ഏകദേശം 1,450 വിമാന സര്‍വീസുകളാണ് ഈ വിമാനത്താവളത്തില്‍ നടക്കുന്നത്. നാല് റണ്‍വേകളും, രണ്ട് ടെര്‍മിനലുകളുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ ഡല്‍ഹി വിമാനത്താവളത്തിന് ഉള്ളത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ T2 എന്ന രണ്ടാമത്തെ ടെര്‍മിനല്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.

ഡിഐഎഎല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവില്‍ ആകെ 200 വിമാനങ്ങളെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുക. ഇതില്‍ 114 എണ്ണം റദ്ദാക്കുകയും ബാക്കി 86 എണ്ണം നോണ്‍ പീക്ക് സമയത്തേക്ക് പുനഃക്രമീകരിച്ച് സര്‍വീസ് നടത്തുകയും ചെയ്യും. വിമാനങ്ങള്‍ റദ്ദാക്കുന്ന വിവരം നേരത്തെ തന്നെ ആളുകളെ അറിയിച്ചിരുന്നതിനാല്‍ യാത്രക്കാരെ ഇത് സാരമായി ബാധിക്കില്ലെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ തന്നെ റണ്‍വേ നവീകരിക്കാന്‍ ആസൂത്രണങ്ങള്‍ നടക്കുകയും, ഏപ്രില്‍ 8 റണ്‍വേ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിഴക്കന്‍ കാറ്റും, വിമാനത്താവളത്തിലെ തിരക്കും പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഇപ്പോള്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.

Content Highlight; Delhi Airport to Cancel 114 Flights Daily for 3 Months Amid Runway Upgrade

dot image
To advertise here,contact us
dot image