'മായൻ ചാപ്റ്റർ 1 ആദ്യ ഗാനം 'കൊല്ലിപ്രാക്ക്' പുറത്തിറങ്ങി, ജയസൂര്യ - ജിതിൻ കെ ജോസ് ചിത്രം ആഗോള റിലീസിന്

മുജീബ് മജീദ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്

'മായൻ ചാപ്റ്റർ 1 ആദ്യ ഗാനം 'കൊല്ലിപ്രാക്ക്' പുറത്തിറങ്ങി, ജയസൂര്യ - ജിതിൻ കെ ജോസ് ചിത്രം ആഗോള റിലീസിന്
dot image

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ലെ ആദ്യ ഗാനം ‘കൊല്ലിപ്രാക്ക്’ പുറത്തിറങ്ങി. കാലങ്ങൾക്കപ്പുറത്തുനിന്ന് മുഴങ്ങുന്നൊരു പുരാതന ശബ്ദവും പതിവിൽനിന്ന് വ്യത്യസ്തമായ സംഗീതാവിഷ്കാരവും ചേർന്നാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മുജീബ് മജീദ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. ജോൺസ് റോയിയും എക്കോസ് ക്വയർ എൻസെംബിളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ നിഗൂഢമായ കഥാലോകത്തിലേക്കുള്ള ആദ്യ സംഗീതസൂചനയായാണ് ‘കൊല്ലിപ്രാക്ക്’ അവതരിപ്പിച്ചിരിക്കുന്നത്. പതിവ് ഗാനങ്ങളിൽനിന്ന് വ്യത്യസ്തമായ പരീക്ഷണാത്മക ശബ്ദവിന്യാസവും കാലാതീതമായൊരു താളവും ഗാനത്തിന് പ്രത്യേക സ്വഭാവം നൽകുന്നു. പുരാതനമായൊരു രഹസ്യത്തിന്റെ പ്രതിധ്വനി പോലെ അനുഭവപ്പെടുന്ന സംഗീതം ചിത്രത്തിന്റെ പ്രമേയത്തോടുള്ള കൗതുകവും വർധിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ടീസർ സൃഷ്ടിച്ച ആകാംക്ഷയ്ക്ക് പിന്നാലെ എത്തിയ ആദ്യ ഗാനവും ‘മായൻ ചാപ്റ്റർ 1’ന്റെ വേറിട്ട അവതരണശൈലിയിലേക്കുള്ള സൂചനയാണ് നൽകുന്നത്.

‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തിന് പിന്നിലെ രഹസ്യങ്ങളിലേക്കാണ് ചിത്രത്തിന്റെ ടീസർ വെളിച്ചം വീശിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ കഥാപരിസരമെന്ന സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചത്.

‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് ‘മായൻ ചാപ്റ്റർ 1’. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളായി എത്തുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖ കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പാണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് വീണ്ടും ഒരു മലയാള സിനിമയുടെ സംഗീതാവകാശം ഏറ്റെടുക്കുന്നത്. ‘കൊല്ലിപ്രാക്ക്’ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ വരാനിരിക്കുന്ന സംഗീതവിശേഷങ്ങൾക്കായുള്ള കാത്തിരിപ്പും ആരംഭിച്ചിരിക്കുകയാണ്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Jayasurya starrer movie maayan new song released

dot image
To advertise here,contact us
dot image