

കീവ്: അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾക്കിടെ നിർണായക വെളിപ്പെടുത്തലുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ ഡോൺബാസ് മേഖല റഷ്യയ്ക്ക് വിട്ടുനൽകിയാൽ പകരം നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നൽകാമെന്ന് യുഎസ് മധ്യസ്ഥർ പറഞ്ഞതായി സെലെൻസ്കി വെളിപ്പെടുത്തി. അബുദാബിയിലും അയർലൻഡിലും നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെ ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതാദ്യമായാണ് യുക്രെയ്നിൻ്റെ ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതും നാറ്റോ അംഗത്വവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു നിർദേശം ചർച്ചകളിൽ ഉയരുന്നതെന്ന് സെലൻസ്കി പറഞ്ഞു. "യുക്രെയ്ന് നാറ്റോ അംഗത്വം ലഭിച്ചാൽ ഡോൺബാസിൽനിന്ന് പിന്മാറുമോ എന്നാണ് അമേരിക്കൻ പ്രതിനിധികൾ ചോദിച്ചത്. ഇതോടെ നാറ്റോ അംഗത്വം വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുകയാണ്," സെലൻസ്കി ചൂണ്ടിക്കാട്ടി. നിലവിൽ റഷ്യൻ നിയന്ത്രണത്തിലല്ലാത്ത ഡോൺബാസിലെ പ്രദേശങ്ങൾ കൂടി പൂർണമായും വിട്ടുകൊടുക്കുന്ന കാര്യമാണ് യുഎസ് പറഞ്ഞത്. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സെലൻസ്കി. അതേസമയം, ശക്തമായ സുരക്ഷാ ഉറപ്പുകൾ, സൈനിക-പുനർനിർമാണ ഫണ്ടുകൾ, യുക്രെയ്ൻ സൈന്യത്തിന് സമഗ്രമായ പാക്കേജ് തുടങ്ങിയവ യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും ഉറപ്പുനൽകിയാൽ ഇക്കാര്യത്തിൽ രാജ്യത്ത് ജനഹിതപരിശോധന നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെലൻസ്കിയുടെ തുറന്നുപറച്ചിലിന് പിന്നാലെ അതൃപ്തിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും പ്രതിനിധിയുമായ ജറേഡ് കുഷ്നർ രംഗത്തെത്തി. ഇത്തരം നിർണായക ചർച്ചകളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് കുഷ്നർ ഓർമിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇരുവിഭാഗവും വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടതുണ്ടെന്നും പല ആശയങ്ങളും സ്വകാര്യമായി ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച ഡബ്ലിനിൽ വച്ചാണ് കുഷ്നറും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സെലെൻസ്കിയുമായി ചർച്ച നടത്തിയത്.

അതേസമയം, യുക്രെയ്ന് നാറ്റോ അംഗത്വം നൽകുന്നത് റഷ്യ ഒരിക്കലും അംഗീകരിക്കില്ലെന്നാണ് പുട്ടിന്റെ നിലപാട്. 2022 ഫെബ്രുവരിയിൽ യുക്രെയ്നിൽ അധിനിവേശം നടത്താനുള്ള പ്രധാന കാരണങ്ങളിലൊന്നായി മോസ്കോ ചൂണ്ടിക്കാട്ടിയതും നാറ്റോ അംഗത്വമായിരുന്നു. അബുദാബിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായില്ലെങ്കിലും, ആയിരത്തിലധികം തടവുകാരെ പരസ്പരം കൈമാറാൻ റഷ്യയും യുക്രെയ്നും സമ്മതിച്ചിട്ടുണ്ട്. വരും ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ധാരണയായി. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട് എന്നീ അഞ്ച് പ്രധാന സൈനിക ശക്തികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും അടങ്ങുന്ന സംഘമായിരിക്കും യൂറോപ്പിനെ പ്രതിനിധീകരിക്കുക. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾക്ക് കുറവില്ല. വെള്ളിയാഴ്ച റഷ്യയിലെ എണ്ണക്കമ്പനികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ 1,200-ലധികം ഡ്രോണുകൾ തൊടുത്തുവിട്ടതായി മോസ്കോ ആരോപിച്ചു. ഒഡേസ തുറമുഖത്തിനും ആശുപത്രികൾക്കും നേരെ റഷ്യൻ ആക്രമണമുണ്ടായതായി യുക്രെയ്നും വ്യക്തമാക്കി.
ആഗോള വിപണിയിൽ ഇന്ധനവില കുറയ്ക്കുന്നതിനായി റഷ്യൻ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തിവയ്ക്കണമെന്ന് ട്രംപ് നേരത്തെ യുക്രെയ്നോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളിൽ യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയതായി സെലെൻസ്കി ആരോപിക്കുകയും, യുക്രെയ്നിൽ പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് ട്രംപ് തിരിച്ചടിക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
Content Highlights: Ukrainian President Volodymyr Zelenskyy says US mediators linked NATO membership to Ukraine giving up the remaining parts of Donbas under its control. Zelenskyy insists Ukraine will not surrender the territory.