'പെരിയ പെരിയ പുഴകൾ താണ്ടി..' കുറച്ച് കളർഫുള്ളായ പുഴകൾ തേടി പോയാലോ?

ലോകത്ത് കണ്ടിരിക്കേണ്ട ചില പുഴകളുണ്ട്, പ്രകൃതി തന്നെ വ്യത്യസ്തതകള്‍ ഒരുക്കി വച്ച ചിലത്

dot image

യാത്രകള്‍ മനുഷ്യര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. ഓരോ തവണ യാത്രയ്‌ക്കൊരുങ്ങുമ്പോളും ഇതുവരെ കാണാത്ത പുതിയ തരം കാഴ്ച്ചകള്‍ കാണാനുള്ള തിരച്ചില്‍ ആയിരിക്കും. ഒരു യാത്ര വിജയിച്ചു എന്ന് പറയാന്‍ കഴിയുക എപ്പോഴാണ്? പോയി തിരിച്ച് വരുമ്പോള്‍ സംതൃപ്തമായ മനസാണെങ്കില്‍ യാത്ര പൂര്‍ണമായും വിജയമാണ്. യാത്ര പോകാന്‍ ജലാശയങ്ങളുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്ന നിരവധി ആളുകളുണ്ട്. വെള്ളത്തില്‍ കളിക്കാന്‍ ഏത് പ്രായത്തിലും ആളുകള്‍ ഉത്സാഹം കാണിക്കാറുണ്ടല്ലോ… ലോകത്ത് കണ്ടിരിക്കേണ്ട ചില പുഴകളുണ്ട്. പ്രകൃതി തന്നെ വ്യത്യസ്തതകള്‍ ഒരുക്കി വച്ച ചിലത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

തെക്കിന്റെ ചുവന്ന നദി

തെക്കന്‍ അമേരിക്കന്‍ ഐക്യനാടുകളിലൂടെ ഒഴുകുന്ന നദിയാണ് തെക്കിന്റെ ചുവന്ന നദി. ചുവന്ന നിറത്തില്‍ പരന്ന് ഒഴുകുന്നതിനാലാണ് ഇവയ്ക്ക് ചുവന്ന നദി എന്ന പേര് വന്നത്. മഴ പെയ്യുമ്പോളും, പുഴ വേഗത്തില്‍ ഒഴുകുമ്പോളും കരയിലെ ചുവന്ന മണ്ണ് കൂടി അവയോടൊപ്പം ചേരും. നദിയിലേക്ക് ഒഴുകിയെത്തുന്ന ഈ ചുവന്ന മണ്ണ് വെള്ളത്തില്‍ കലര്‍ന്ന് ചുവന്ന നദിയായി ഒഴുകുന്നു. ഇതാണ് ചുവന്ന നദിക്ക് നിറം ലഭിക്കാനും, പേര് ലഭിക്കാനും കാരണമായത്.

റെഡ് റിവര്‍

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാനില്‍ തുടങ്ങി വടക്കന്‍ വിയറ്റനാം വഴി ഗള്‍ഫ് ഓഫ് ടോങ്കിനിലേക്ക് ഒഴുകുന്ന നദിയാണ് റെഡ് റിവര്‍. നദിക്കടിയിലെ ചുവന്ന മണല്‍ത്തരികളാണ് ഈ നിറത്തിന് കാരണം. ശുദ്ധ ജലം ഒഴുകുന്ന നദിയുടെ അടിയിലെ ചുവന്ന മണല്‍ കാഴ്ച്ചയില്‍ നദിക്ക് ഒരു ചുവപ്പ് നിറം നല്‍കുന്നു. ബ്ലാക്ക് റിവര്‍, ലൊ റിവര്‍ എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട കൈവഴികളും റെഡ് റിവറിനുണ്ട്.

മഞ്ഞ നദി

ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് മഞ്ഞ നദി. ലോകത്തിലെ ഏറ്റവും നീളം കൂടിയ ആറാമത്തെ നദി കൂടിയാണ് ഇത്. പുരാതന ചൈനീസ് നാഗരികതയുടെ ജന്മസ്ഥലമായാണ് മഞ്ഞ നദീതടം കരുതപ്പെടുന്നത്. ലോസ് എന്നും അറിയപ്പെടുന്ന നദി മഞ്ഞ നിറത്തിലുള്ള നേര്‍ത്ത പൊടി നിറഞ്ഞ പ്രദേശത്ത് കൂടെ കടന്ന് പോകുന്നു. പൊടി നിറഞ്ഞ മണ്ണിനടുത്ത് കൂടെ കടന്ന് പോകുന്നതിനാല്‍ നദിക്ക് മഞ്ഞ നിറം ലഭിക്കുന്നു.

ഗ്രീന്‍ റിവര്‍

പടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളിലൂടെ ഒഴുകുന്ന നദിയാണ് ഗ്രീന്‍ റിവര്‍. അമേരിക്കയിലെ കൊളറാഡോ നദിയുടെ പ്രധാന പോഷക നദിയാണിത്. നദിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കൊളറാഡോ പീഠഭൂമിയിലൂടെ കടന്ന് പോകുന്നു. ഡി ഡബ്ല്യൂ മക്കാളിന്റെ ഗ്രീന്‍ റിവര്‍ എന്ന ഗാനത്തിന്റെ പ്രമേയവും ഇതേ നദിയാണ്. കാല്‍സ്യം കാര്‍ബണേറ്റിന്റെയും, ജല സസ്യങ്ങളുടെയും ആല്‍ഗേകളുടെയും സാന്നിധ്യമാണ് നദിയുടെ പച്ച നിറത്തിന് കാരണം.

റെയിന്‍ബോ നദി

കൊളംബിയയിലൂടെ ഒഴുകുന്ന മഴവില്‍ നിറത്തിലുള്ള നദിയാണ് റെയിന്‍ബോ നദി. കാനോ ക്രിസ്റ്റല്‍സ് നദി എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ജലാശയത്തെ പല വര്‍ണങ്ങളില്‍ കാണാന്‍ കഴിയുക. ഈ സമയത്ത് ജലാശയത്തിനടിയിലെ പാറകളില്‍ പായല്‍, ജലസസ്യങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവ പറ്റിപ്പിടിച്ച് വളരുന്നു. ജലാശയത്തിലേക്ക് നോക്കുന്ന ആളുകള്‍ക്ക് ഇവയുടെ വിവിധ നിറങ്ങള്‍ ചേര്‍ന്ന് മനോഹരമായ കാഴ്ച്ച നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നു.

Content Highlight; World's Most Beautiful and Colorful Rivers

dot image
To advertise here,contact us
dot image