മണിക്കൂറുകള്‍ക്കുള്ളില്‍ മരണം; ഇതാണ് മരണം ഒളിപ്പിക്കുന്ന തൊപ്പി

മുന്‍ഭര്‍ത്താവിന്റെ ബന്ധുക്കളെ വിഷകൂണ്‍ കൊണ്ടുളള വിഭവം നല്‍കിയാണ് അവര്‍ കൊലപ്പെടുത്തിയത്

മണിക്കൂറുകള്‍ക്കുള്ളില്‍ മരണം; ഇതാണ് മരണം ഒളിപ്പിക്കുന്ന തൊപ്പി
dot image

ലോകത്തിലെ ഏറ്റവും വിഷമുള്ള കൂണുകളിലൊന്നായ ഡെത്ത് ക്യാപ്പ് കൂണ്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കി മൂന്ന് പേരെ കൊന്ന കുറ്റത്തിന് അടുത്തിടെയാണ് ഒരു ഓസ്‌ട്രേലിയന്‍ യുവതി അറസ്റ്റിലായത്. മുന്‍ ഭര്‍ത്താവിന്റെ മൂന്ന് പ്രായമായ വൃദ്ധ ബന്ധുക്കളെയാണ് എറിന്‍ പാറ്റേഴ്‌സണ്‍ എന്ന 50 വയസുകാരി കൊലപ്പെടുത്തിയത്. കുറ്റം തെളിഞ്ഞതോടെ 33 വര്‍ഷത്തേക്ക് കോടതി അവരെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 2023 ലാണ് സംഭവം നടക്കുന്നത്. നാല് ബന്ധുക്കളെയാണ് എറിന്‍ അന്ന് വീട്ടിലേക്ക് ക്ഷണിച്ച് ഉച്ച ഭക്ഷണം നല്‍കിയത്. അതില്‍ ഒരാള്‍ മരണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. മുന്‍ ഭര്‍ത്താവിനെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നെങ്കിലും അയാള്‍ വിരുന്നിന് പങ്കെടുത്തില്ല. എറിന്‍ വിഷം തന്ന് കൊലപ്പെടുത്തുമോ എന്ന് അവരോടൊപ്പം ജീവിച്ചിരുന്നകാലത്തും ഭയന്നിരുന്നു എന്ന് മുന്‍ ഭര്‍ത്താവ് സൈമണ്‍ പാറ്റേഴ്‌സണ്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ 9 ആഴ്ചയോളം നീണ്ടുനിന്ന വിചാരണ ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭര്‍ത്താവുമായുള്ള അകല്‍ച്ചയാണ് എറിനെ കൊലപാതകതത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

ഡെത്ത് ക്യാപ്പ് കൂണുകളെക്കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും മാരകമായ വിഷമുളള കൂണുകളിലൊന്നാണ് ഡെത്ത് ക്യാപ്പ് കൂണുകള്‍(അമാനിറ്റ ഫാലോയിഡ്‌സ്). ഇത് കഴിക്കുന്നവര്‍ ഏതാനും മണിക്കൂറുകള്‍ക്കുളളിലോ ദിവസങ്ങള്‍ക്കുളളിലോ മരിക്കും. ഈ കൂണുകളില്‍ വിഷാംശമുണ്ടെന്ന് കാലങ്ങള്‍ക്ക് മുന്‍പ്തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യൂറോപ്പാണ് ഇവയുടെ ജന്മദേശമെങ്കിലും ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ കൂണുകള്‍ കാണപ്പെടുന്നുണ്ട്.

എങ്ങനെ തിരിച്ചറിയാം

ഡെത്ത് ക്യാപ്പ് കൂണുകള്‍ പലപ്പോഴും വെളുത്ത ബട്ടണ്‍ കൂണുകളെയും മറ്റ് ഭക്ഷ്യയോഗ്യമായ കൂണുകളെയും പോലെതന്നെയാണ് കാണപ്പെടുന്നത്. ഈ ഇനം കൂണുകള്‍ പച്ചകലര്‍ന്ന മഞ്ഞ മുതല്‍ തവിട്ട് അല്ലെങ്കില്‍ അപൂര്‍വ്വമായി വെള്ളനിറത്തിലും കാണപ്പെടാറുണ്ട്. പഴകുമ്പോഴോ ഉണങ്ങുമ്പോഴോ ഇവയ്ക്ക് ഒരു ലോഹ തിളക്കം ലഭിക്കും. വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ ഉള്ള കൂണിന്റെ തൊപ്പിക്ക് ഏകദേശം 4 മുതല്‍ 16 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ട്. പഴകുമ്പോള്‍ തൊപ്പികള്‍ കുത്തനെയുള്ളതോ പരന്നതോ ആയി മാറും. മാംസം വെളുത്തതാണ്. മുറിക്കുമ്പോള്‍ നിറം മാറില്ല. കൂണിന്റെ തണ്ട് വെളുത്തതോ മഞ്ഞ നിറമോ ഉളളതായിരിക്കും.തണ്ടിന് ഏകദേശം 4 മുതല്‍ 18 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. കൂണുകള്‍ വളരുന്ന ആദ്യ ഘട്ടത്തില്‍ അവയ്ക്ക് സുഗന്ധം ഉണ്ടാകുമെങ്കിലും പഴകുമ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. മരങ്ങളുടെ വേരുകളിലാണ് കൂടുതലായും ഈ കൂണുകള്‍ വളരുന്നത്.

ഡെത്ത് ക്യാപ് കൂണുകളിലെ വിഷം

ഡെത്ത് ക്യാപ് കൂണുകളില്‍ പ്രധാനമായും മൂന്ന് തരം വിഷവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. അമാറ്റോക്‌സിനുകള്‍, ഫാലോടോക്‌സിനുകള്‍, വൈറോടോക്‌സിനുകള്‍. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വിഷങ്ങളില്‍ ഒന്നാണ് അമാനിറ്റിന്‍. ആരോഗ്യമുള്ള കോശങ്ങളെപോലും ഈ വിഷം നശിപ്പിച്ചുകളയും.

ഡെത്ത് ക്യാപ് കൂണ്‍ വിഷബാധയുടെ ലക്ഷണങ്ങള്‍

ഡെത്ത് ക്യാപ് കൂണ്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യത്തെ ലക്ഷണം ദഹനനാളവുമായി ബന്ധപ്പെട്ടാണ്.വിഷാംശം ഉള്ളില്‍ ചെന്ന ശേഷം 6 മുതല്‍ 24 മണിക്കൂര്‍ വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, നിര്‍ജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ പനി എന്നിവയാണ് ആദ്യഘട്ട ലക്ഷണത്തിലുള്ളത്.

12 മുതല്‍ 36 മണിക്കൂര്‍ വരെയുള്ള രണ്ടാം ഘട്ടത്തില്‍, ആദ്യഘട്ടത്തിലുണ്ടായ ലക്ഷണങ്ങള്‍ കുറഞ്ഞ് രോഗിക്ക് സുഖം തോന്നിത്തുടങ്ങാം. പക്ഷേ വിഷവസ്തുക്കള്‍ ശരീരത്തില്‍ ബാധിക്കുകയും കരളിനെയും വൃക്കകളെയും തകരാറിലാക്കുകയും ചെയ്യും.

അവസാന ഘട്ടത്തില്‍ അവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അവ പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങുകയും ചെയ്യും. കൂണ്‍ കഴിച്ചതിനുശേഷം 3 മുതല്‍ 6 ദിവസങ്ങളില്‍ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം നിലക്കുന്നു. മഞ്ഞപ്പിത്തം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറഞ്ഞ് വിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാവുകയും ചെയ്യും.

Content Highlights :Learn about death cap mushrooms, one of the most deadly poisonous mushrooms in the world

dot image
To advertise here,contact us
dot image