

ഒരു യാത്രയ്ക്കായി തയ്യാറായി കഴിയുമ്പോഴാകും മുമ്പേ വാങ്ങിവച്ച ഭക്ഷണ സാധനങ്ങള് ഇനി എന്ത് ചെയ്യുമെന്ന ചിന്ത ഉണ്ടാകുക. ചിലതൊക്കെ ഉപയോഗിച്ച് തീർക്കാം, കുറച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കാം. എങ്ങനെയൊക്കെ നോക്കിയാലും അവസാനം വീണ്ടും ചില സാധനങ്ങള് ബാക്കിവരും. അവ സൂക്ഷിക്കാന് ഫ്രിഡ്ജുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം. മാംസാഹാരങ്ങള്, മീനുകള് എന്നിവ ഇത്തരത്തില് ബാക്കി വന്നാല് ഇവ ഫ്രിഡ്ജിലെ ഫ്രീസറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന ആശ്വാസത്തില് ഇറങ്ങി പോകരുത്.
നിങ്ങള് വീട്ടിലുണ്ടാകാത്ത നേരം പവര്കട്ടുകള് നിരന്തരം ഉണ്ടായാല്, അല്ലെങ്കില് ദീര്ഘനേരത്തേക്ക് വൈദ്യുതി തടസപ്പെട്ടാല് ഫ്രിഡ്ജിലിരിക്കുന്ന സാധനങ്ങള് കേടുവരാൻ സാധ്യതയുണ്ട്. അതിനാല് നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ എന്നറിയാൻ ഈയൊരു ടിപ്പ് നിങ്ങളെ സഹായിക്കും. ഏറ്റവും മികച്ച ഭക്ഷ്യ സുരക്ഷാ പരിശോധനയാണ് ഇതെന്നല്ല പറയുന്നത്. മറിച്ച് ഈയൊരു കുഞ്ഞന് രീതി നിങ്ങള്ക്ക് വലിയൊരു സഹായം തന്നെയാകും.
ഇതിനായി വേണ്ടത് ഒരു കപ്പ് വെള്ളവും ഒരു നാണയവുമാണ്. ആദ്യം ഈ വെള്ളം ഫ്രീസറില് വച്ച് നന്നായി തണുപ്പിക്കണം. വെള്ളം നന്നായി ഐസ് കട്ടയായെന്ന് ഉറപ്പായാല് ഇതിന് മുകളില് ഒരു നാണയം വച്ച ശേഷം ഫ്രീസര് അടയ്ക്കുക. നിങ്ങള് ട്രിപ്പിന് പോയി വന്ന ശേഷം ഈ കപ്പിലെ ഐസിനും നാണയത്തിനും സംഭവിച്ചിരിക്കുന്ന വ്യത്യാസത്തില് നിന്നും കറന്റ് പോയിരുന്നോ ഇല്ലയോ എന്നതില് വ്യക്തത വരുത്താം. ഇതിലൂടെ നിങ്ങൾ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കാൻ സുരക്ഷിതമാണോ എന്ന് ഒരുപരിധി വരെ മനസിലാക്കാനും സാധിക്കും.
മടങ്ങിയെത്തിയ ശേഷം കപ്പലെ ഐസിന് മുകളിലുള്ള നാണയം നിങ്ങള് പരിശോധിക്കുമ്പോള് അതിന്റെ സ്ഥാനത്തിന് ചലനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില് സ്ഥിരതയുള്ള താപനില ഫ്രീസറിലുടനീളം ഉണ്ടായിരുന്നെന്ന നിഗമനത്തിലെത്താം. അതേസമയം ഉപരിതലത്തില് നിന്നും താഴ്ന്ന നിലയിലാണ് നാണയത്തിന്റെ നിലയെങ്കില് ഏതോ ഒരു ഘട്ടത്തില് ഐസ് അലിഞ്ഞിട്ടുണ്ടെന്നും താപനിലയില് മാറ്റം വന്നിട്ടുണ്ടെന്നും മനസിലാക്കാം.
നാണയം ഉപയോഗിച്ചുള്ള ഈ രീതി ഒരു പരിധി വരെ ഗുണകരമാണെങ്കിലും ഇതിനും ചില പോരായ്മകളുണ്ട്. എത്ര നേരം വൈദ്യുതിയില്ലാതെ ഫ്രീസര് പ്രവര്ത്തനരഹിതമായെന്ന് ഇതിലൂടെ മനസിലാക്കാന് സാധിക്കില്ല. എത്രത്തോളം തണുപ്പ് കുറഞ്ഞുവെന്നും അറിയാന് കഴിയില്ല. എന്നാല് നാണയത്തിന്റെ സ്ഥാനത്തില് മാറ്റംമുണ്ടാകുന്നതിനാല് ഐസ് അലിഞ്ഞുവെന്നും വീണ്ടും കട്ടിപിടിച്ചുവെന്നും മനസിലാക്കാന് കഴിയും ഇതോടെ ഫ്രീസറിലുണ്ടായിരുന്ന ഭക്ഷണസാധനം ചീത്തയാവാനുള്ള സാധ്യത കണക്കാൻ ഒരുപരിധിവരെ കഴിയുകയും ചെയ്യും.
Content Highlights: The freezer coin trick involves freezing water in a container, placing a coin on top and leaving it in the freezer before travelling