
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.. പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം ആശ്വാസമാകുന്ന ഒരു റിപ്പോര്‍ട്ടാണ് തുര്‍ക്കിയില്‍ നിന്ന് കുറച്ചുനാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നത്. പൊക്കക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന,അഞ്ചുസെന്റീമീറ്ററോളം നീളം കുറയ്ക്കുന്ന, ഒരു കോസ്‌മെറ്റിക് സര്‍ജറി തുര്‍ക്കിയെ ശസ്ത്രക്രിയ വിദഗ്ധര്‍ വാഗ്ദാനം ചെയ്യുന്നു എന്നുള്ളതായിരുന്നു അത്. ശസ്ത്രക്രിയ ചെയ്തു എന്ന് അവകാശപ്പെട്ട് ഏതാനും സ്ത്രീകളും രംഗത്തെത്തി.
തുടയെല്ലിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി കാലിന്റെ എല്ല് മുറിക്കുന്ന പ്രൊസീജര്‍ ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ മുറിച്ച എല്ലുകള്‍ പിന്നീട് ഒരു ലോഹ ദണ്ഡിന്റെ സഹായത്തോടെ കൂട്ടിച്ചേര്‍ക്കും. എല്ലുകള്‍ പഴയപടിയാകുന്നതോടെ ഇത് നീക്കം ചെയ്യും. മുറിപ്പാടുകള്‍ ഉണ്ടാകില്ലെന്നും ക്ലിനിക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുറച്ചുനാളുകള്‍ അല്പം വേദന നിറഞ്ഞതായിരിക്കും. വീല്‍ചെയറില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നേക്കാം. ഫിസിയോതെറാപ്പിയും ആവശ്യമാണ്.
എന്നാല്‍ ഇതൊന്നും പൊക്കം കുറയ്ക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് യുവതികളെ പിന്തിരിപ്പിക്കുന്നില്ല. ശസ്ത്രക്രിയ പോപ്പുലറായതോടെ സിറ്റി ടൂര്‍,റെസ്റ്ററന്റ് മീല്‍, ബോട്ട് ട്രിപ്പ് ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ ക്ലിനിക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2023 മുതല്‍ കാല്‍ നീളം കുറയ്ക്കുന്നതിനുള്ള 10 സര്‍ജറികള്‍ ചെയ്തതായി ഇസ്താംബൂളിലെ ഒരു ക്ലിനിക് ഡെയ്‌ലിമെയിലിനോട് അവകാശപ്പെടുന്നുണ്ട്. അപ്പര്‍ ലെഗ് 5.5 സെന്റീമീറ്ററും, ലോവര്‍ ലെഗ് 3 സെന്റീമീറ്ററും കുറയ്ക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മുതല്‍ അഞ്ചുദിവസം വരെ ആശുപത്രിയില്‍ കഴിയേണ്ടി വരും. ഡിസ്ചാര്‍ജ് ചെയ്താലും ആദ്യത്തെ ഒരു മാസം വീല്‍ചെയറിന്റെയും വാക്കറിന്റെയും സഹായവും വേണ്ടി വരും.ശസ്ത്രക്രിയയെ തുടര്‍ന്ന് പേശികള്‍ക്ക് ബലക്കുറവ് സംഭവിച്ചേക്കാം. ശസ്ത്രക്രിയയ്ക്ക് ഭാരവും നിര്‍ണായകമാണ്. 70-75 കിലോ ഭാരം മാക്‌സിമം ഉള്ളവര്‍ക്ക് മാത്രമാണ് ശസ്ത്രക്രിയ നടത്താനാവുക.
ആറ് ആഴ്ചയോടെ പരസഹായമില്ലാതെ നടക്കാനായി സാധിക്കും. എല്ലുകളിലെ മുറിവുണങ്ങാന്‍ മൂന്നുമുതല്‍ നാല് മാസങ്ങള്‍ വരെ വേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് മുമ്പായി സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കും. 2024 ജൂലായില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ യുവതി 172 സെന്റീമീറ്ററില്‍ നിന്ന് 167.9 സെന്റീമീറ്റാണ് കുറച്ചത്.
Content Highlights: Women Flock to Turkey for Leg Shortening Surgery