റിയൽ 'ജബ് വീ മെറ്റ്'! കാമുകനെ വിവാഹം കഴിക്കാൻ യുവതി ഒളിച്ചോടി, തിരികെ വീട്ടിലെത്തിയത് മറ്റൊരാളുടെ ഭാര്യയായി

ഇൻഡോർ സ്വദേശിയായ ശ്രദ്ധ കാമുകൻ സർതാക്കിനെ വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്നും ഒളിച്ചോടിയത്

റിയൽ 'ജബ് വീ മെറ്റ്'! കാമുകനെ വിവാഹം കഴിക്കാൻ യുവതി ഒളിച്ചോടി, തിരികെ വീട്ടിലെത്തിയത് മറ്റൊരാളുടെ ഭാര്യയായി
dot image

2007ലെ ഹിറ്റ് ചിത്രം ജബ് വീ മെറ്റിന് ഇന്നും ഫാൻസ് ഏറെയാണ്. ഏത് കാലഘട്ടത്തിലെ സിനിമാ പ്രേമികൾക്കും ഇഷ്ടപ്പെടുന്ന ഈ റൊമാന്റിക്ക് കോമഡി ചിത്രം പോലെ മാറിയിരിക്കുകയാണ് ശ്രദ്ധ തിവാരി എന്ന യുവതിയുടെ ജീവിതം. ഇൻഡോർ സ്വദേശിയായ ശ്രദ്ധ കാമുകൻ സർതാക്കിനെ വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്നും ഒളിച്ചോടിയത്. പക്ഷേ ഒരാഴ്ചയ്ക്ക് അകം വീട്ടിലേക്ക് തിരികെ എത്തിയത് മറ്റൊരാളുടെ ഭാര്യയായിട്ടാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ഇൻഡോർ എംഐജി പൊലീസ് സ്റ്റേഷൻ പ്രദേശത്ത് നിന്നും ശ്രദ്ധ ഒളിച്ചോടിയത്. യുവതി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കാമുകൻ അവിടെ എത്തിയിട്ടില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ശ്രദ്ധയെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ പറഞ്ഞത്. ഇതോടെ പ്രതീക്ഷയെല്ലാം കൈവിട്ട പെൺകുട്ടി എങ്ങോട്ടേക്കാണെന്ന് വ്യക്തതയില്ലാതെ കിട്ടിയ ട്രെയിനിൽ കയറി യാത്ര തുടങ്ങി. മണിക്കൂറുകൾക്ക് ശേഷം അവൾ രത്‌ലം എന്ന സ്റ്റേഷനിലിറങ്ങി. ജബ് വീ മെറ്റ് സിനിമ മൂലം പ്രശസ്തമായ ഇടമാണിവിടം. തന്റെ ഭാവി എന്താണെന്ന ആശങ്കയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ ഇരിക്കുകയാണ് ശ്രദ്ധ ചെയ്തത്.

ഈ നേരമാണ് ഇൻഡോറിലെ തന്റെ കോളേജിലെ ഇലക്ട്രീഷനായ കരൺദീപിനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കാണുന്നത്. ഒറ്റയ്ക്കിരിക്കുന്ന ശ്രദ്ധയെ കണ്ട് കരൺ കാര്യങ്ങൾ തിരക്കി. കാര്യങ്ങൾ അറിഞ്ഞപ്പോൾ ശ്രദ്ധയോട് തിരികെ വീട്ടിലേക്ക് പോകാൻ കരൺ ആവശ്യപ്പെട്ടെങ്കിലും ഒരു വിവാഹം കഴിക്കാതെ തിരികെ പോകില്ലെന്ന വാശിയിലായിരുന്നു യുവതി. വിവാഹം കഴിക്കാതെ പോയാൽ തനിക്ക് ഇനിയൊരു ജീവിതമില്ലെന്ന നിലപാടിലായിരുന്നു അവൾ. പലവട്ടം പറഞ്ഞിട്ടും ശ്രദ്ധ അത് അനുസരിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ കരൺ ശ്രദ്ധയെ പ്രപ്പോസ് ചെയ്തു. ഇത് ശ്രദ്ധ അംഗീകരിക്കുകയും ചെയ്തു.

ഇരുവരും മഹേശ്വർ - മണ്ഡലേശ്വറിലേക്ക് പോകുകയും അവിടെ വച്ച് വിവാഹിതരാവുകയും ചെയ്തു. ഇതിനിടയിൽ യുവതിയുടെ പിതാവ് മകളെ കണ്ടുപിടിച്ച് നൽകുന്നവർക്ക് 51000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും വിവരം നല്‍കുമെന്ന പ്രതീക്ഷയില്‍ വീടിനു മുന്നിൽ മകളുടെ ചിത്രം തലകീഴായി കെട്ടിതൂക്കിയിടുകയും ചെയ്തു.

ഇതിനിടയിൽ മാന്ദ്‌സ്വറിലെത്തിയ ദമ്പതികൾ, അവിടെ നിന്നും യുവതിയുടെ വീട്ടിലേക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. രാത്രി അവിടെ ഏതെങ്കിലും ഹോട്ടലിൽ തങ്ങിയിട്ട് പിറ്റേന്ന് വീട്ടിലെത്താൻ പിതാവ് ശ്രദ്ധയോട് പറഞ്ഞു. പക്ഷേ ഹോട്ടലുകളൊന്നും ഇവർക്ക് മുറി നൽകാൻ തയ്യാറായില്ല. ഇതോടെ ശ്രദ്ധയുടെ പിതാവ് ഇരുവർക്കും തിരികെ വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പണം അയച്ചു നൽകി.

മടങ്ങിയെത്തിയ ഇരുവരും പൊലീസ് സ്റ്റേഷനിൽ ചെന്ന് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. യുവതിയെ ഭർത്താവിൽ നിന്നും പത്തുദിവസം മാറ്റി താമസിപ്പിക്കുമെന്നും ഇതിന് ശേഷവും ഒന്നിച്ച് പോകാനാണ് തീരുമാനമെങ്കിൽ ഇവരുടെ വിവാഹം അംഗീകരിക്കുമെന്നുമാണ് ശ്രദ്ധയുടെ പിതാവ് അനിൽ തിവാരിയുടെ നിലപാട്.
Content Highlights: The real life jab we met story from Indore

dot image
To advertise here,contact us
dot image