
ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. മയ്യോര്‍ക്കയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിന് വേണ്ടി ആര്‍ദ ഗൂളറും വിനീഷ്യസ് ജൂനിയറും വലകുലുക്കി.
🏁 FP: @RealMadrid 2-1 @RCD_Mallorca
— Real Madrid C.F. (@realmadrid) August 30, 2025
⚽ 18' Muriqi
⚽ 37' @10ardaguler
⚽ 38' @ViniJr
👉 @emirates pic.twitter.com/KVKp8eHHqM
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാടകീയ നിമിഷങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. മത്സരത്തിന്റെ എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയലിന്റെ വലകുലുക്കിയിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കപ്പെടുകയും ഗോള്‍ നിഷേധിക്കുകയും ചെയ്യുകയായിരുന്നു.
ഗോള്‍ പിന്‍വലിക്കപ്പെട്ടതിന്റെ ആഘാതം അവസാനിക്കുന്നതിന് മുന്‍പേ സാന്റിയാഗോ ബെര്‍ണബ്യൂ വീണ്ടും നിശബ്ദമായി. 18-ാം മിനിറ്റില്‍ മയ്യോര്‍ക്ക എഫ്‌സി റയലിന്റെ വലകുലുക്കി. വേദത് മുറിഖിയാണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. എന്നാല്‍ 37-ാം മിനിറ്റില്‍ ആര്‍ദ ഗൂളറുടെ ഗോളില്‍ സമനില പിടിച്ച റയല്‍ തൊട്ടടുത്ത നിമിഷം വിനീഷ്യസിന്‍റെ ഗോളില്‍ മുന്നിലെത്തി. ആദ്യ പകുതിയുടെ അവസാന സമയത്ത് എംബാപ്പെ മറ്റൊരു ഗോൾ നേടിയെങ്കിലും അതും വാർ പരിശോധനയില്‍ ഓഫ്സൈഡ് വിധിക്കപ്പെട്ടു.
ലാ ലിഗയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും വിജയിച്ച റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതായി കുതിക്കുകയാണ്. മൂന്നിലും ഒരു വിജയം പോലുമില്ലാത്ത മയ്യോര്‍ക്ക 18-ാം സ്ഥാനത്താണുള്ളത്.
Content Highlights: Real Madrid beats Mallorca: Xabi Alonso's side come from behind to seal third win of La Liga season