
സോഷ്യല്‍ മീഡിയയില്‍ പങ്കാളിയുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ധാരാളം ആളുകളെ കാണാറുണ്ട് അല്ലേ? .എല്ലാദിവസവും പങ്കാളിയോടൊത്തുളള നിമിഷങ്ങള്‍ ഫോട്ടോകളായും ബന്ധത്തെക്കുറിച്ച് എഴുത്തുകളായും ഒക്കെ അവര്‍ അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കും. കാണുമ്പോള്‍ സന്തോഷമുളള കാര്യമാണെങ്കിലും റിലേഷന്‍ഷിപ് വിദഗ്ധര്‍ പറയുന്നത് സന്തുഷ്ടരായ ദമ്പതികള്‍ ഒരിക്കലും തങ്ങളുടെ സ്‌നേഹം ഇങ്ങനെയാണ് എന്ന് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ ആഗ്രഹിക്കില്ല എന്നതാണ്.
യഥാര്‍ഥ ജീവിതത്തില്‍ സന്തുഷ്ടരായ ദമ്പതികള്‍ പലപ്പോഴും ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടാനോ ലൈക്കുകളെയും കമന്റുകളെകുറിച്ച് ചിന്തിക്കാനോ സമയം മാറ്റിവയ്ക്കാറില്ല. പ്രണയ ജീവിതം കൂടുതല്‍ സ്വകാര്യമായി സൂക്ഷിക്കുന്ന ദമ്പതികള്‍ കൂടുതല്‍ അടുപ്പവും ആശയവിനിമയവും നടത്തുകയും ശക്തമായ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം മറ്റാരും കാണാത്ത നിമിഷങ്ങളാണ് ഏറ്റവും നല്ല നിമിഷങ്ങള്‍.
മുംബൈ ആസ്ഥാനമാക്കിയുള്ള കൗണ്‍സിലറും സൈക്കോ തെറാപ്പിസ്റ്റും സൈക്കോളജിസ്റ്റുമായ പ്രിയങ്ക കപൂര്‍ പറയുന്നത് ' സന്തുഷ്ടരായ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങള്‍ പൊതുജനങ്ങളെ കാണിക്കുന്നതിലല്ല,മറിച്ച് ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നതിലാണ് താല്‍പര്യപ്പെടുന്നത്' എന്നാണ്.
മുംബൈ സ്വദേശിയായ റിലേഷന്‍ഷിപ് വിദഗ്ധയും എഴുത്തുകാരിയുമായ ഷഹസീന്‍ ശിവദാസിനി പറയുന്നത് ആളുകള്‍ പങ്കാളികളുമൊത്തുള്ള ഫോട്ടോകള്‍ പങ്കിടുമ്പോള്‍ അത് പല അഭിപ്രായങ്ങള്‍ക്കും കാരണമാകുകയയും ധാരാളം താരതമ്യങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുമെന്നാണ്. ഇതെല്ലാം ബന്ധത്തെ ബാധിക്കും. സ്വകാര്യ നിമിഷങ്ങള്‍ സ്വകാര്യമായി സൂക്ഷിച്ചാല്‍ അവ കൂടുതല്‍ യഥാര്‍ഥമായി നിലനില്‍ക്കുമെന്നും അവര്‍ പറയുന്നു.
ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ
ബന്ധങ്ങള്‍ കടങ്കഥ പോലെയാണ്. പരസ്പരം സ്‌നേഹത്തിലാണെന്ന് പറഞ്ഞാലും ചിലര്‍ക്ക് ആ ബന്ധത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു. ഈ അരക്ഷിതാവസ്ഥാണ് ' ഹാപ്പി കപ്പിള്‍ ' സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ബന്ധത്തില്‍ എന്തോ പൂര്‍ണത ഇല്ല എന്ന തോന്നല്‍ മനപ്പൂര്‍വം ഇല്ലാതാക്കാനാണ് ഫോട്ടോയും എഴുത്തും പോലെയുള്ള ബാഹ്യ സ്ഥിരീകരണം നടത്തുന്നത്. ഈ സമ്മര്‍ദം ബന്ധത്തില്‍ കൂടുതല്‍ ഉത്കണ്ഠയുണ്ടാക്കുകയും ബന്ധം വഷളാവുകയും ചെയ്യും.
ഡോ. വാസുദേവയുടെ അഭിപ്രായത്തില്‍ ' നിങ്ങളുടെ പ്രണയ ജീവിതത്തെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് നിങ്ങളുടെ മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യും. മറ്റുളളവരെ ബോധിപ്പിക്കേണ്ട ആവശ്യകത കുറയുമ്പോള്‍ ഉത്കണ്ഠയുടെ അളവ് കുറയുന്നു. അതുപോലെ ഓണ്‍ലൈന്‍ ഇമേജ് നിലനിര്‍ത്താന്‍ സമ്മര്‍ദ്ദം തോന്നാനുള്ള സാധ്യത കുറവാണ്' .
Content Highlights :Are people who share moments with their partner on social media insecure in their relationships?