
കഷ്ടപ്പെട്ട ജോലി ചെയ്തിട്ടും തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒന്നും ശേഷിക്കുന്നില്ലെന്ന ഒരു യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വൈറൽ. 27കാരിയായ യുവതിയുടെ അനുഭവം വായിച്ച പലരും തങ്ങളുടെ അവസ്ഥയെ കുറിച്ച് കമന്റുകളിൽ വിശദീകരിക്കുന്നുണ്ട്. ചിലവെല്ലാം കഴിഞ്ഞ് സ്വന്തം കാര്യത്തിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാൻ കഴിയാതെ മാനസിക സാമ്പത്തിക സമ്മർദം അനുഭവിക്കുകയാണ് ഭൂരിഭാഗവും എന്നാണ് പോസ്റ്റിന് താഴെവരുന്ന കമന്റുകളും സൂചിപ്പിക്കുന്നത്.
യുവതിയുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്, മാസം ഒരു ലക്ഷത്തിലധികമാണ് വരുമാനം. മാസചിലവുകൾ, സ്വന്തം വിദ്യാഭ്യാസ ലോണിന്റെ ഇൻസ്റ്റാൾമെന്റ്, അങ്ങനെ എല്ലാ കഴിയുമ്പോൾ സ്വന്തം ചിലവിനായി ഒരൊറ്റ പൈസ കയ്യിലില്ലെന്നാണ് യുവതി പറയുന്നത്. ഉപയോഗിച്ച് പഴകിയ ഫോൺ ഒന്നുമാറ്റി വാങ്ങണമെന്ന് ചിന്തിച്ചിട്ട് മാസങ്ങളായി അതിന് കഴിഞ്ഞിട്ടില്ല. സേവിങ്‌സിനെ അത് ബാധിക്കുമോ എന്തെങ്കിലും എമർജൻസി ഉണ്ടായാൽ എന്ത് ചെയ്യും തുടങ്ങിയ ഭീതികാരണം അതിന് സാധിക്കുന്നില്ല. പുറത്ത് പോയി ഒന്നു ഭക്ഷണം കഴിക്കുക, ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുക, സുഹൃത്തുക്കളുമായി പുറത്ത് പോകുക എന്നീ കാര്യങ്ങളൊക്കെ അവസാനിപ്പിച്ചു. 200 രൂപയ്ക്ക് മാത്രം ഓൺലൈൻ ഫുഡ് ഡെലിവറി നടത്താൻ ശ്രദ്ധിച്ചു. മുഴുവനായി പുറത്ത് പോകുന്ന ശീലമേ ഒഴിവാക്കി. അമിത ചിലവുണ്ടാകുമോ എന്ന ഭയമാണ് ഇതിന് കാരണമെന്ന് യുവതി പറയുന്നു.
ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് സ്വന്തം കാര്യങ്ങൾക്ക് ചിലവഴിക്കാൻ കഴിയാത്തത് വലിയ മനോവിഷമമാണ് ഉണ്ടാകുന്നതെന്നാണ് യുവതി പറയുന്നത്. കുടുംബഭാരവും തന്റെ ചുമതലയാണെന്നും യുവതി പറയുന്നു. സ്വന്തം ചിലവു കൂടാതെ മാതാപിതാക്കളുടെ പ്രതീക്ഷകൾ സഫലമാക്കാനുള്ള ശ്രമവും തന്നെ സമ്മർദത്തിലാക്കുന്നുവെന്ന് യുവതി പറയുന്നു. സ്വന്തം കാര്യം നോക്കാനും കഴിയുന്നില്ല, പക്ഷേ കുടുംബത്തിന്റെ വെക്കേഷൻ, അവർക്കായുള്ള ചിലവുകൾ എല്ലാം യുവതി വിശദീകരിച്ചിട്ടുണ്ട്.
ലോൺ ഇഎംഐകൾ, ഇൻവെസ്റ്റ്‌മെന്റ്, യാത്രാചിലവ്, ഹൗസ്‌ഹോൾഡ് ഹെൽപ്പ്, വിദ്യാഭ്യാസ ലോൺ തുടങ്ങി എല്ലാത്തിനുമുള്ള ചിലവുകൾ കൃത്യമായി യുവതി പറയുന്നുണ്ട്. ബാക്കി എന്തെങ്കിലും വന്നാൽ അത് പ്രതീക്ഷിക്കാതെ വരുന്ന ചിലവിലേക്ക് പോകും. ഇത്തവണ അമ്മയ്ക്ക് ഫോൺ വാങ്ങി കാശ് ആ വഴിക്ക് പോയെന്നും യുവതി പറയുന്നു.
പലരും യുവതിയുടെ അനുഭവം തങ്ങളുടേതിന് സമാനമാണെന്ന് പറയുമ്പോഴും. യുവതിയുടെ ഒരു മാസത്തെ യാത്രാ ചിലവ് ഇരുപതിനായിരത്തിലധികം വരുന്നതിനെ ചിലർ പരിഹസിക്കുന്നുണ്ട്. ഹെലിക്കോപ്റ്ററിലാണോ യാത്ര എന്നാണ് അവർ ചോദിക്കുന്നത്. ഫോൺ വാങ്ങണമെങ്കിൽ ഇൻവേസ്റ്റ്‌മെന്റിന് ഉപയോഗിക്കുന്ന തുക കുറയ്ക്കണമെന്നോ ഒരു മാസം അത് സ്‌കിപ്പ് ചെയ്യണമെന്നോ ആണ് അവർ ഉപദേശിക്കുന്നത്.
നല്ല വരുമാനമുള്ള ജോലി നേടിയിട്ടും ചിലവും ചുമതലകളും മറ്റ് ഭയങ്ങളുമെല്ലാം ചേർന്ന് ഭാവിയെ കുറിച്ചോർത്ത് സമ്മർദത്തിലാണ് ഭൂരിഭാഗം ആളുകളും. ഇന്ന് ഇപ്പോൾ ഈ നിമിഷം ജീവിതം ആസ്വദിക്കാൻ അവർക്കാവുന്നില്ല എന്നതിന് ഉദാഹരണമാണ് ഇത്തരം തുറന്നുപറച്ചിലുകളെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
Content Highlights: Earns 1.7lakhs monthly, but nothing left for own expenses says 27year old