
ദുബായില്‍ ഗതാഗത രംഗത്ത് പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. റോഡിലെ വാഹനങ്ങളുടെ ഒഴുക്ക് തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ഡേറ്റ ഡ്രൈവ് ക്ലിയര്‍ ഗൈഡ് എന്ന പേരിലാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.
ദുബായിലെ റോഡുകളിലെ വാഹനങ്ങളുടെ ഒഴുക്ക് അതാത് സമയത്ത് വിലയിരുത്തുന്നതിനും ട്രാഫിക് നിയന്ത്രണങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്നതാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. വാഹനങ്ങളുടെ ശരാശരി വേഗത, ഗതാഗത തിരക്ക്, തിരക്കൊഴിയുന്ന സമയം എന്നിവയും എളുപ്പത്തില്‍ മനസിലാക്കാൻ കഴിയും.
നഗരത്തില്‍ പ്രധാന പരിപാടികള്‍ നടക്കുമ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോഴും വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നതടക്കമുളള കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും കഴിയും. 24 മണിക്കൂറും നിരത്തുകളെ തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഡേറ്റ ഡ്രൈവ് ക്ലിയര്‍ ഗൈഡ് പ്ലാറ്റ്‌ഫോം. റോഡില്‍ വരുത്തുന്ന മാറ്റങ്ങള്‍ വാഹന ഗതാഗതത്തില്‍ ഉണ്ടാക്കുന്ന ഗുണങ്ങളും വേഗത്തില്‍ തിരിച്ചറിയാനാകും.
റോഡ് അറ്റകുറ്റപ്പണിക്ക് മുമ്പും ശേഷവുമുള്ള ഗതാഗതത്തിന്റെ സ്ഥിതി എങ്ങനെ എന്നതും വിലയിരുത്താന്‍ കഴിയും. കണ്‍സല്‍റ്റന്റുമാരെയും ഫീല്‍ഡ് സ്റ്റാഫുകളെയും നിയോഗിച്ച് ആഴ്ചകള്‍ എടുത്തു ശേഖരിച്ചിരുന്ന വിവരങ്ങളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്.
Content Highlights: RTA launches A Smart Digital Platform to monitor and analyse traffic in Dubai