ഹിന്ദി സംസാരിച്ചതിന് പാർക്കിങ് നിഷേധിച്ചു; ഇന്ത്യയിൽ ഇം​ഗ്ലീഷ് നിർബന്ധമാക്കണമെന്ന് യുവാവ്

ഇംഗ്ലീഷ് ഇപ്പോള്‍ വളരെ പരിചിതമായ ഭാഷയാണെന്നും, യുവ തലമുറ ഇംഗ്ലീഷിനെ പ്രധാന ഭാഷയായി കണ്ടുതുടങ്ങിയെന്നും ഭയാനി അവകാശപ്പെട്ടു

dot image

'ന്ന് മാറി നില്‍ക്കാന്‍ ഹിന്ദിയില്‍ പറഞ്ഞതിന് പാര്‍ക്കിങ് നിഷേധിച്ചെ'ന്ന ആരോപണവുമായി ബാംഗളൂര്‍ സ്വദേശി അര്‍പിത് ഭയാനി. സംഭവത്തെ തുടര്‍ന്ന് ഗൂഗിളിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് ഇന്ത്യയില്‍ ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. അര്‍പിത് ഭയാനി ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് തന്റെ ആവശ്യം അറിയിച്ചത്. ''ഇന്ന് ഒരു വ്യക്തിയോട് മാറി നില്‍ക്കാന്‍ പറഞ്ഞതിന്റെ പേരില്‍ എനിക്ക് പാര്‍ക്കിങ് നിഷേധിക്കപ്പെട്ടു.'' അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാതാപിതാക്കള്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ അയയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'മഹാരാഷ്ട്രയിലോ, കര്‍ണാടകയിലോ മറ്റേത് സംസ്ഥാനത്തായാലും ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ മാതൃഭാഷ മാത്രം പഠിപ്പിക്കുന്ന സ്‌കൂളില്‍ അയയ്ക്കുമോ, അതോ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുമോ?' അദ്ദേഹം ചോദിച്ചു.


ഇംഗ്ലീഷ് ഇപ്പോള്‍ വളരെ പരിചിതമായ ഭാഷയാണെന്നും, യുവ തലമുറ ഇംഗ്ലീഷിനെ പ്രധാന ഭാഷയായി കണ്ടുതുടങ്ങിയെന്നും ഭയാനി അവകാശപ്പെട്ടു. ഇപ്പോള്‍ മിക്ക ഇന്ത്യക്കാരും ദൈനംദിന ജീവിതത്തില്‍ ഇംഗ്ലീഷ് കൂടുതലായി ഉപയോഗിക്കാറുണ്ടെന്നും താമസിയാതെ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയായി ഇംഗ്ലീഷ് മാറുമെന്നും ഭയാനി പറഞ്ഞു.


സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളാണ് ഭയാനിയുടെ പോസ്റ്റിന് താഴെ വന്നത്. ഭയാനിയെ അനുകൂലിച്ചും, പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇപ്പോഴും പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുകയാണെന്നും, ലോകം എഐയുടെ പിറകെ പോകുമ്പോള്‍ ഇന്ത്യക്കാര്‍ ഇത്തരം പ്രാകൃത പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.


കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒരു എസ്ബിഐ ബാങ്ക് മാനേജര്‍ കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. പ്രശ്‌നം ചര്‍ച്ചയായതോടെ, എല്ലാ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഭാഷയെപ്പറ്റി ബോധവത്കരണം നല്‍കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Content Highlight; Google Employee Claims Denied Parking in Bengaluru for Not Speaking Hindi, Urges English Be Made Mandatory

dot image
To advertise here,contact us
dot image