തലച്ചോറിന്റെ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനം മുപ്പതുകള്‍; ശീലമാക്കേണ്ടത് എന്തൊക്കെ

ഓട്ടോമാറ്റിക് പ്രവര്‍ത്തനങ്ങളില്‍ നിന്ന് തലച്ചോറിനെ നമ്മുടെ വരുതിയിലേക്ക് വരുത്തേണ്ട സമയമാണ് മുപ്പത് വയസ്.

dot image

ഒരു നാല്‍പ്പത് വയസിന് ശേഷം മനുഷ്യര്‍ പ്രധാനമായും ബുദ്ധിമുട്ടുന്നത് ഓര്‍മക്കുറവ് പോലുള്ള തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊണ്ടായിരിക്കും. കണ്ണട എവിടെ വച്ചെന്ന് മറന്ന് പോവുക, വീടിന്റെ താക്കോല്‍ മറക്കുക, ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യം തോന്നുക, ഉത്കണ്ഠ തോന്നുക ഒരു പ്രായം കഴിഞ്ഞാല്‍ ഇതൊക്കെ സര്‍വ്വസാധാരണമാണ് ഇപ്പോള്‍. എന്നാല്‍ മുപ്പതാമത്തെ വയസ് മുതല്‍ തലച്ചോറിന് ചില വ്യായാമങ്ങളും നിര്‍ദേശങ്ങളുമൊക്കെ നല്‍കിയാല്‍ തലച്ചോറിന്റെ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.


ഓട്ടോമാറ്റിക് പ്രവര്‍ത്തനങ്ങളില്‍ നിന്ന് തലച്ചോറിനെ നമ്മുടെ വരുതിയിലേക്ക് വരുത്തേണ്ട സമയമാണ് മുപ്പത് വയസ്. മുപ്പത് വയസായവരാണോ നിങ്ങള്‍, എങ്കില്‍ ഇന്ന് മുതല്‍ നിങ്ങളുടെ തലച്ചോറിന് പുതിയ വെല്ലുവിളികള്‍ നല്‍കേണ്ടതുണ്ട്. അത് പുതിയ ഭാഷകള്‍ പഠിച്ചുകൊണ്ടോ, പുതിയതായി എന്തെങ്കിലും ചെയ്തുകൊണ്ടോ എങ്ങനെയുമാകാം.


ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, കോഎന്‍സൈം ക്യു, വിറ്റാമിന്‍ ഡി എന്നിവ തലച്ചോറിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കുക മാത്രമല്ല, സമ്മര്‍ദം കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ ഘടകങ്ങള്‍ കുറഞ്ഞാല്‍ ഉത്കണ്ഠ, ബ്രെയിന്‍ ഫോഗ്, മറവി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അതുപോലെ തന്നെയാണ് തലച്ചോറും. സ്വസ്ഥമായ സമയം ലഭിക്കാതെ തലച്ചോറിന് പുനഃസജ്ജീകരണം നടത്താന്‍ സാഹചര്യമുണ്ടാകില്ല. തലച്ചോറിന്റെ വിശ്രമത്തിനായി സ്‌ക്രീന്‍ ടൈം കുറയ്ക്കുക, സമാധാനമായി ഇരിക്കാന്‍ ശ്രമിക്കുക എന്നതൊക്കെ ചെയ്യാന്‍ കഴിയും.


45 വയസിന് ശേഷം പല സ്ത്രീകളിലും ആര്‍ത്തവവിരാമത്തിനുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ സമയത്ത് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, മാനസികമായി ഉണ്ടാകുന്ന അസ്വസ്ഥതകള്‍, ഏകാഗ്രത കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം.


പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്യുന്നു. വ്യായാമം നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാത്രമല്ല മനസിനെയും നിയന്ത്രിക്കും.

നിരന്തരം സമ്മര്‍ദം അനുഭവിക്കുന്നത് ഓര്‍മ്മക്കുറവ് ഉണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി മനസിനെ ശാന്തമാക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുകയോ, പാചകം ചെയ്യുകയോ ഏത് മാര്‍ഗം വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.

ഉറക്കം തലച്ചോറുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കം തലച്ചോറിന്റെ ആഴത്തിലുള്ള വിശ്രമസമയമാണ്. ഉറക്കമില്ലായ്മ ഒരു നിസ്സാര പ്രശ്‌നമായി കരുതരുത്. ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ ഡോക്ടറെ കാണുകയും ചികിത്സ ഉറപ്പാക്കുകയും വേണം.സാമൂഹ്യ ബന്ധങ്ങളും, സ്‌നേഹം നിറഞ്ഞ പെരുമാറ്റവും, സൗഹൃദങ്ങളുമെല്ലാം മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രായമാകുംതോറും കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും, ആളുകളുമായി ഇടപഴകുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.

Content Highlights; 30s are a crucial decade for setting the foundation for long-term brain health.

dot image
To advertise here,contact us
dot image