
പാലക്കാട്: പാലക്കാട് വീടിന്‌റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു.
മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാലക്കാട് ഒറ്റപ്പാലത്തും രാവിലെ തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. പ്രഭാത സവാരിയ്ക്കിറങ്ങിയ രണ്ട് പേരെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മായന്നൂര്‍ സ്വദേശികളായ കോമളവല്ലി, റഷീദ് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. റഷീദിന്റെ കയ്യിലും കാലിനും നെഞ്ചിലുമാണ് നായയുടെ കടിയേറ്റത്.
റഷീദിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മായന്നൂര്‍ പാലത്തിന് മുകളില്‍ പ്രഭാത സവാരിക്കിടെയായിരുന്നു നായ ആക്രമിച്ചത്.
content highlights: A four-year-old boy was bitten by a stray dog while playing on the doorstep