
മണിരത്നം-കമല്‍ഹാസന്‍ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ തഗ് ലൈഫിന് കമല്‍ ഹാസനും മണിരത്നവും 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ പക്ഷേ ഏറ്റവുമധികം ചര്‍ച്ചയായത് സിനിമയിലെ നായികമാരായ അഭിരാമി, തൃഷ എന്നിവര്‍ക്കൊപ്പമുള്ള കമല്‍ഹാസന്റെ റൊമാന്റിക് രംഗങ്ങളായിരുന്നു. 70 കാരനായ കമല്‍ഹാസന് നായികമാരായി എത്തിയ 2 താരങ്ങള്‍ക്കും 40 വയസാണ് പ്രായം എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ വന്നത്. മകളുടെ പ്രായമുള്ളവര്‍ക്കൊപ്പം കമല്‍ഹാസന്‍ റൊമാന്‍സ് ചെയ്യുന്നത് ശരിയല്ലെന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ നീണ്ടിരുന്നു.
ഇപ്പോള്‍ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി തൃഷ കൃഷ്ണന്‍. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ തൃഷ പങ്കെടുക്കവേയായിരുന്നു വിമര്‍ശനങ്ങളില്‍ നടി പ്രതികരിച്ചത്. ഇത്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും താന്‍ നേരിടാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയ തൃഷ കമല്‍ ഹാസനുമായുള്ള സ്‌ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് താന്‍ വിശ്വസിക്കുന്നെന്നും തുറന്നുപറഞ്ഞു.
'ഈ സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇത്തരം രംഗങ്ങള്‍ ഉണ്ടാവുമായിരുന്നെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഇതൊരു മാജിക്കായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് ഞാന്‍ ഈ സിനിമയുടെ ഭാഗമായിരുന്നില്ല. കരാറില്‍ ഞാന്‍ ഒപ്പിടുക പോലും ചെയ്തിരുന്നില്ല. കമല്‍ഹാസനും മണിരത്‌നത്തെയും ഒരുമിച്ച് കാണുമ്പോള്‍ അഭിനേതാക്കളായ നമ്മള്‍ ജോലി മറന്ന് അവരെ നോക്കിനില്‍ക്കില്ലല്ലോ', തൃഷ പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Content Highlights: Trisha Krishnan shuts down criticism regarding 28-year age gap between her and Kamal Haasan