
സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ച ഇക്കാലത്ത് പ്രണയം പോലും ഓണ്‍ലൈനിലായി. ഇഷ്ടമുള്ള താരങ്ങളെയും ഇഷ്ടമുള്ള ഷോപ്പിംഗ് സൈറ്റുകളും ഒക്കെ പിന്തുടരാറുളളവരാണ് നമ്മളെല്ലാവരും. എന്നാല്‍ അടുത്തിടെ ടൊറന്‍റോ സ്റ്റാര്‍ പറയുന്ന കൗതുകകരമായ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കൂടുതല്‍ അവിവാഹിതരായ അമേരിക്കക്കാര്‍ കാനഡയില്‍നിന്ന് ജീവിത പങ്കാളിയെ തേടുന്നുവെന്നാണ്. യുഎസിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥയും ആരോഗ്യ സംരക്ഷണ ആശങ്കകളും കാരണമാണ് അമേരിക്കക്കാര്‍ കാനഡക്കാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. ജനപ്രിയ ഡേറ്റിംഗ് ആപ്പായ ഹിഞ്ചിന്റെ ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെടുന്നത്.
ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം, ചെലവേറിയ ആരോഗ്യ സംരക്ഷണം, വര്‍ധിച്ചുവരുന്ന ജീവിത ചെലവ്, വൈകാരിക അസ്ഥിരത എന്നിവയാല്‍ വലയുന്ന അമേരിക്കക്കാര്‍ക്ക് കാനഡ അഭയംതേടാന്‍ പറ്റിയ സ്ഥലമാണെന്ന് കരുതുന്നു. ഹിഞ്ചില്‍ മാത്രമല്ല മേപ്പിള്‍മാച്ച് ആപ്പിലും അമേരിക്കക്കാരെയും കനേഡിയന്മാരെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന പുതിയ ഒരു താല്‍പര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ 5,000ത്തിലധികം പുതിയ ഉപയോക്താക്കള്‍ മേപ്പിള്‍മാച്ച് ഡേറ്റിംഗ് ആപ്പില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിനത്തില്‍ 1,000 പേര്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്നും ഡേറ്റിംഗ് ആപ്പിന്റെ സ്ഥാപകനായ ജോ ഗോള്‍ഡ്മാന്‍ പറയുന്നു. മെക്‌സിക്കോയും കാനഡയുമാണ് പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള മുന്‍നിര തിരഞ്ഞെടുപ്പുകള്‍. കാനഡയില്‍ ഒരു പങ്കാളിയെ കണ്ടെത്താനുള്ള ആഗ്രഹം സാങ്കേതിക വിദഗ്ധരായ യുവ ഡേറ്റര്‍മാര്‍ക്ക് മാത്രമല്ല, മാച്ച് മേക്കിംഗ് ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കും ബാധകമാണെന്ന് തോന്നും. വിധവകളും വിഭാര്യരും പോലും ഇത്തരത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
അമേരിക്കയിലെ ആരോഗ്യ സംരക്ഷണ സംവിധാനം നൂതനവും പുരോഗമിച്ചതും ആണെങ്കിലും ഇത് എല്ലാവര്‍ക്കും താങ്ങാനാവില്ല. ആളുകള്‍ക്ക് മെഡിക്കല്‍ പ്രൊഫഷണലുകളെ ബന്ധപ്പെടാന്‍ കഴിയുകയില്ല എന്ന് മാത്രമല്ല അവരെ കാണാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രോഗ പ്രതിരോധത്തിനും സമയബന്ധിതമായ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ചെലവഴിക്കുന്നതിനേക്കാള്‍ തുക ആശുപത്രികളിലും രോഗ പരിചരണത്തിനും വേണ്ടി ചെലവഴിക്കുന്നത്.
അടിസ്ഥാന മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുപോലും ചെലവേറിയ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലേക്ക് ഓടേണ്ടതുണ്ട്.അതിനാല്‍ താങ്ങാനാവുന്നതും പെട്ടന്ന് ലഭിക്കാവുന്നതുമായ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനായി അമേരിക്കക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറാന്‍ നോക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. യുവാക്കള്‍ മാത്രമല്ല സമൂഹത്തിലെ മുതിര്‍ന്ന തലങ്ങള്‍ പോലും അമേരിക്കന്‍ പൊതുമണ്ഡലത്തിന്റെ പ്രക്ഷുബ്ധമായ മേഖലയെ തിരിച്ചറിയുന്നു. ലോകമെമ്പാടും ജനങ്ങള്‍ യുദ്ധങ്ങളുടെ വക്കിലെത്തി നില്‍ക്കുകയും സമ്പദ് വ്യവസ്ഥകള്‍ ജീവിക്കാന്‍ കൂടുതല്‍ ദുഷ്‌കരവുമായ സാഹചര്യത്തില്‍ രാഷ്ട്രീയമായി പ്രക്ഷുബ്ധമല്ലാത്തതും പോക്കറ്റുകള്‍ കാലിയാകാത്ത ആരോഗ്യ സംവിധാനങ്ങള്‍ ഉള്ളതുമായ കാനഡ പോലെയുള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ മാറാന്‍ ശ്രമിക്കുന്നത്.
Content Highlights :Increase in number of American users targeting Canadians on dating apps