

കാലങ്ങളായി ഹൃദ്രോഗം പ്രായമായവര്‍ക്ക് സംഭവിക്കുന്ന രോഗമാണെന്നാണ് കണക്കാക്കിയിരുന്നത്. മുന്‍പ് ഒരാള്‍ക്ക് 60 വയസ് കഴിഞ്ഞു, ഉയര്‍ന്ന കൊളസ്‌ട്രോള്‍ വരുന്നു അതില്‍നിന്ന് ഹൃദ്രോഗ സാധ്യതയുണ്ടാകുന്നു. അതില്‍ അത്ഭുതപ്പെടാനില്ലായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ചെറുപ്പക്കാരില്‍ ഹൃദ്രോഗം പിടിമുറുക്കുകയാണ്.ജീവിതരീതി മുതല്‍ പല കാരണങ്ങള്‍ യുവാക്കളിലെ ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ട്. ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചില പഠനങ്ങള്‍ പറയുന്നത് അറിയാം.

പതിവായി വ്യായാമം ചെയ്യുന്ന ആളുകളില്‍ പോലും ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആധുനിക ജോലി സംസ്‌കാരം ദീര്‍ഘനേരമുള്ള ഇരിപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ദീര്‍ഘനേരം ഇരിക്കുന്നത് രക്തപ്രവാഹം മന്ദഗതിയിലാക്കുകയും മെറ്റബോളിസത്തെ ബാധിക്കാനും ശരീരഭാരം വര്‍ധിപ്പിക്കാനും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കാനും കാരണമാകുന്നു.

സമയപരിധി, സാമ്പത്തിക സമ്മര്‍ദ്ദം, ജോലി സമ്മര്‍ദ്ദം ഇവയെല്ലാം ശരീരത്തെ കൂടുതല്‍ ജാഗ്രത വേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സമ്മര്‍ദ്ദ ഹോര്‍മോണുകളെ സജീവമാക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനും ഇടയാക്കും.
നമ്മുടെ നിലവിലെ ജീവിതശൈലി ഹൃദയത്തെ നിരന്തരമായ സമ്മര്‍ദ്ദത്തിന് വിധേയമാക്കുന്നു. ജോലിസ്ഥലത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നത്, ഉദാസീനമായ ജീവിതശൈലി, ഉറക്കക്കുറവ്, മോശം ഭക്ഷണക്രമം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, എന്നിവ രക്താതിമര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ധമനികളുടെ വീക്കം എന്നിവയ്ക്ക് കാരണമാകും.

ഉറക്കുറവ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഉറങ്ങുമ്പോള്‍ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും റിലാക്‌സ് ആകാനുള്ള അവസരം ലഭിക്കുന്നു. ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനെയും ഗ്ലൂക്കോസ് മെറ്റബോളിസത്തേയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയേയും തടസ്സപ്പെടുത്തിയേക്കാം.
വാഹനങ്ങളുടെ പുക, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, നഗര ഗതാഗതം എന്നിവയില്‍നിന്നുളള സൂക്ഷ്മ കണികകള്‍ ശ്വാസകോശത്തിലൂടെ രക്തപ്രവാഹത്തില്‍ എത്തുന്നു. കാലക്രമേണ ഈ മാലിന്യങ്ങള്‍ വീക്കം ഉണ്ടാക്കുകയും രക്തക്കുഴലുകളില്‍ കേടുപാടുകള്‍ വരുത്തുകയും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.കാലക്രമേണ ധമനികളുടെ സങ്കോചത്തിനും കാഠിന്യത്തിനും കാരണമാകുകയും ചെയ്യും.ലോകമെമ്പാടുമുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വായൂമലിനീകരണം ഒരു പ്രധാന കാരണം ആണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെ ആളുകള്‍ക്ക് അവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഉദാഹരണത്തിന് പതിവായി നടക്കുക, ഇരിക്കുന്ന സമയം കുറയ്ക്കുക,ജോലിക്കിടയില്‍ ഇടവേളകള്‍ എടുക്കുക, മതിയായ ഉറക്കം നേടുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, ശരിയായി ഭക്ഷണം കഴിക്കുക, വൈദ്യപരിശോധന നടത്തുക ഇവയൊക്കെ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights : From a sedentary lifestyle to urban pollution, new reports on factors linked to heart disease