

ബഹ്റൈനിലെ വൈദ്യുതി-ജല അതോറിറ്റിയെ സ്വകാര്യവത്കരിക്കുന്നതിനുള്ള സർക്കാർ ബിൽ, നിരക്ക് നിയന്ത്രണവും ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും എംപിമാരും സർക്കാരും തമ്മിൽ ധാരണയിലെത്താനാകാത്തതിനെ തുടർന്ന് അടുത്ത പാർലമെന്റ് സമ്മേളനത്തിലേക്ക് മാറ്റിവച്ചു.
പൊതു ഉപയോഗവും പരിസ്ഥിതി കാര്യങ്ങളും സംബന്ധിച്ച സമിതി അധ്യക്ഷൻ മുഹമ്മദ് മൂസയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ ബില്ലിലെ 10 വകുപ്പുകളിൽ സർക്കാരും സമിതിയും ധാരണയിലെത്തിയതായി അറിയിച്ചു. ഇവയെല്ലാം പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വൈദ്യുതി-ജല നിരക്കുകൾ സംബന്ധിച്ച നിയന്ത്രണവും ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകളുടെ പരിഗണനയുമാണ് ഇപ്പോഴും തർക്കവിഷയങ്ങളായി തുടരുന്നത്.
നിരക്കുകൾ നിയമത്തിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് സമിതിയുടെ നിലപാട്. ഭാവിയിൽ നിരക്ക് വർധിപ്പിക്കാനോ കുറയ്ക്കാനോ സർക്കാർ തീരുമാനിച്ചാൽ അത് പാർലമെന്റിന്റെ അംഗീകാരത്തോടെയായിരിക്കണമെന്നും മുഹമ്മദ് മൂസ ആവശ്യപ്പെട്ടു. അതേസമയം, ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകളെ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായ പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം സാമൂഹിക വികസന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെങ്കിലും അന്തിമ മറുപടി ലഭിച്ചിട്ടില്ല. ഇതിനാൽ വൈദ്യുതി-ജല നിയമഭേദഗതി ബില്ലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ അടുത്ത സമ്മേളനത്തിലേക്ക് മാറ്റാൻ സമിതി തീരുമാനിച്ചതായി മുഹമ്മദ് മൂസ അറിയിച്ചു.
Content Highlights: The proposed privatisation bill for Bahrain’s Electricity and Water Authority has been deferred to the next parliamentary session. The decision comes amid ongoing discussions on its economic and public impact.