നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുന്നതിന് മുന്‍പ് ചില സൂക്ഷ്മ ലക്ഷണങ്ങളിലൂടെ കൊളസ്‌ട്രോള്‍ ഉണ്ടോ എന്ന് മനസിലാക്കാം

നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ
dot image

ഒരു കാലത്ത് കൊളസ്‌ട്രോള്‍ പ്രായമായവരെ ബാധിക്കുന്ന രോഗമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനത്തെയും കൊളസ്‌ട്രോളും ബന്ധപ്പെട്ട രോഗങ്ങളും പിടികൂടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 - 30 വയസിനുള്ളിലുള്ളവരിലും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. നോയിഡയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ആശിഷ് കുമാര്‍ ഗോവില്‍ നേരത്തെ രോഗം കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും പറയുന്നു.

cholesterol symptoms

കണ്ണുകളിലെ ലക്ഷണങ്ങള്‍

കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങള്‍ കണ്ണുകളിലൂടെയും അറിയാന്‍ സാധിക്കും. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും ചാരനിറത്തിലുള്ളതോ വെളുത്തതോ ആയ വളയം ഉണ്ടോ?. ഇതിനെയാണ് 'കോര്‍ണിയല്‍ ആര്‍ക്കസ്' എന്ന് വിളിക്കുന്നത്. ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലാണ് ഈ ലക്ഷണം കാണുന്നത്. 'ജേണല്‍ ഓഫ് ട്രാന്‍സ്‌ളേഷണല്‍ മെഡിസിന്‍' പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് 50 വയസില്‍ താഴെയുള്ളവരിലെ 'കോര്‍ണിയല്‍ ആര്‍ക്കസ് ഹൈപ്പര്‍ലിപിഡീമിയ' ഒരു കൊളസ്‌ട്രോള്‍ ലക്ഷണമായി പറയുന്നുണ്ട്. കൊളസ്‌ട്രോളും ലിപ്പോപ്രോട്ടീനുകളും കണ്ണിലെ രക്തക്കുഴലുകളിലൂടെ ഒഴുകി കോര്‍ണിയയില്‍ അടിഞ്ഞുകൂടുന്നതിനാലാണ് 'കോര്‍ണിയല്‍ ആര്‍ക്കസ്' ഉണ്ടാകുന്നത്.

cholesterol symptoms

ചര്‍മ്മത്തിലെ മുഴകളും പാടുകളും

ചര്‍മ്മത്തിലുണ്ടാകുന്ന മുഴകള്‍ അഥവാ 'സാന്തോമകള്‍' മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ്. ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഉറച്ചതും മഞ്ഞനിറം കലര്‍ന്നതുമായ മുഴകളാണ് ഇവ. സാധാരണയായി കണ്‍പോളകള്‍ക്ക് ചുറ്റും, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, അക്കില്ലസ് ടെന്‍ഡോണുകള്‍ എന്നിവിടങ്ങളിലൊക്കെയാണ് ഇവ കാണപ്പെടുന്നത്. 2014ലും 2025ലും നടന്ന ചില പഠനങ്ങളില്‍ ചെറുപ്പക്കാരില്‍ ഇത്തരത്തിലുള്ള മുഴകള്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചര്‍മ്മത്തിനടിയില്‍ പ്രത്യേകിച്ച് കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, എന്നിവയ്ക്ക് ചുറ്റും സ്ഥിതിചെയ്യുന്ന കൊഴുപ്പുള്ള മഞ്ഞ പാടുകളും ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

വൈകി ഉണ്ടാകുന്ന ഹൃദയാഘാത മുന്നറിയിപ്പ് ലക്ഷണങ്ങള്‍

കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ വളരെ വൈകിയാണ് പ്രത്യക്ഷപ്പെടുന്നത്. ക്ഷീണം, ശ്വാസതടസ്സം, നേരിയ നെഞ്ചുവേദന എന്നിവയെല്ലാം ആദ്യകാല ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കേണ്ടതാണ്. കൊളസ്‌ട്രോള്‍ ശരീരത്തില്‍ പല തരത്തിലുള്ള കേടുപാടുകള്‍ വരുത്തിയ ശേഷം മാത്രമേ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങൂ എന്നതാണ് വാസ്തവം.

cholesterol symptoms

ചെറുപ്പക്കാരിലെ കൊളസ്‌ട്രോളിന്റെ കാരണങ്ങള്‍

കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങള്‍ പെട്ടെന്നൊന്നും ശരീരം കാണിച്ചുവെന്നുവരില്ല. ചെറുപ്പക്കാര്‍ ആരോഗ്യവാന്മാരായി തോന്നുമെങ്കിലും അവരുടെ ശരീരത്തിലുണ്ടാകുന്ന കൊളസ്‌ട്രോള്‍ പലപ്പോഴും ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. അമിതമായ അളവില്‍ സംസ്‌കരിച്ചതും ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങള്‍, ശരീരിക അധ്വാനത്തിന്റെ കുറവ്, പുകവലി, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. ഇതോടൊപ്പം അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, പാരമ്പര്യം എന്നിവയും ചെറുപ്പക്കാരില്‍ കൊളസ്‌ട്രോള്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

cholesterol symptoms

പരിശോധനകള്‍ എങ്ങനെ

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് അറിയാനുള്ള ഏക മാര്‍ഗ്ഗം രക്തപരിശോധനയാണ്. ഒരു ലിപിഡ് പ്രൊഫൈല്‍, ഒരാളുടെ ശരീരത്തിലെ മുഴുവന്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍(മോശം കൊളസ്‌ട്രോള്‍),എച്ച്ഡിഎല്‍(നല്ല കൊളസ്‌ട്രോള്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവിനെ കാണിക്കുന്നു. ആരോഗ്യമുള്ള മുതിര്‍ന്ന ഒരാള്‍ക്ക് 20 വയസുമുതല്‍ ഓരോ 4,6 വര്‍ഷം കൂടുമ്പോഴും കൊളസ്‌ട്രോള്‍ പരിശോധന നടത്തേണ്ടതാണ്.

Content Highlights : You can understand whether you have cholesterol through some subtle symptoms in your body. At one time, cholesterol was thought to be a disease that affected the elderly. But today, a good percentage of young people are suffering from cholesterol and related diseases.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image