

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് വളരെ സാധാരണമാണ്. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അഭാവം അസ്ഥികളുടെ ബലഹീനത, അസ്ഥി വൈകല്യങ്ങള്‍, പേശിവലിവ്, ക്ഷീണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശരീരം വിവിധ ലക്ഷണങ്ങളിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് നമുക്ക് മനസിലാക്കിത്തന്നേക്കാം. അത്തരത്തില്‍ വായില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ ഇതാ…

വിറ്റാമിന്‍ ഡിയുടെ കുറവ് ബേണിംഗ് മൗത്ത് സിന്‍ഡ്രോമിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വേദനാജനകമായ ഒരു അവസ്ഥയാണ്. വായില്‍ പ്രത്യേകിച്ച് നാവില്‍ പൊള്ളുന്നതുപോലെയോ മരവിപ്പ് പോലെയോ ആയ ഒരു തോന്നല്‍ ഉണ്ടാകുന്നു.
ബേണിംഗ് മൗത്ത് സിന്‍ഡ്രോമിന്റെ(BMS) പ്രധാന ലക്ഷണം വേദനയാണ്. നാവിലോ ചുണ്ടിലോ വായയുടെ മുകള്‍ഭാഗമോ പോലെയുളള ഭാഗങ്ങളില്‍ പൊളളുന്നതുപോലുള്ളതുപോലെയുള്ള വേദനയോടൊപ്പം മരവിപ്പും അനുഭവപ്പെടാം. ഈ അനുഭവം ഇടയ്ക്കിടക്ക് ഉണ്ടാവാം. അതുപോലെ വായയിലെ വരള്‍ച്ച, രുചി വ്യത്യാസം ഇവയൊക്കെയാണ് മറ്റ് ലക്ഷണങ്ങള്‍.

ബേണിംഗ് മൗത്ത് സിന്‍ഡ്രോമുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്. പോഷകാഹാരക്കുറവ് കൂടാതെ മറ്റ് ഘടകങ്ങളാലും ഈ അവസ്ഥ ഉണ്ടാകാം. അതിനാല്‍ ഡോക്ടറെ കണ്ട ശേഷം വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ചികിത്സയ്ക്ക് പുറമേ വായിലെ അസ്വസ്ഥതകള്‍ മാറി കിട്ടാന്‍ സാധിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്. അല്‍പ്പം തണുത്ത വെള്ളം കുടിക്കുക. പുകയില ഉത്പന്നങ്ങള്‍, ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍, മദ്യം, മൗത്ത് വാഷ്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ തുടങ്ങിയ
വായില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഒഴിവാക്കുക.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights: Vitamin D deficiency can be detected through some symptoms found in the mouth.