
നമുക്ക് എല്ലാവര്‍ക്കും മറവിയുണ്ടാകാറുണ്ട് അല്ലേ? പേരുകള്‍ മറക്കുക, സംഭവങ്ങള്‍ മറക്കുക, ആളുകളെ മറക്കുക, സാധനങ്ങള്‍ എവിടെയെങ്കിലും വച്ച് മറക്കുക, സ്‌ട്രെസും ടെന്‍ഷനും ഉളളപ്പോള്‍ പലതും ഓര്‍ക്കാതിരിക്കുക അങ്ങനെയൊക്കെ. എന്നാല്‍ ഈ മറവിയെ പേടിക്കേണ്ടതുണ്ടോ? എല്ലാ മറവിയും രോഗമാണോ? മറവികള്‍ എന്തുകൊണ്ടൊക്കെ സംഭവിക്കാം, എന്തൊക്കെയാണ് ഡിമെഷ്യ അല്ലെങ്കില്‍ അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍….
എല്ലാമറവിയും രോഗമല്ല. എന്നാല്‍ മറവി പല രോഗങ്ങളുടെയും ലക്ഷണമാകാം. അതുമാത്രമല്ല മറവി രോഗമാകുന്ന അവസ്ഥകളുമുണ്ട്. മറവി രോഗമാകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ ഡിമെന്‍ഷ്യ. മറവിരോഗമുളള ഒരാള്‍ ഒരിക്കലും തനിക്ക് മറവി ഉണ്ടെന്ന് പറഞ്ഞ് ഡോക്ടറെ കാണാന്‍ വരില്ല. കാരണം തനിക്ക് ഓര്‍മ്മപിശകുണ്ടെന്ന് അറിയാനുളള ശേഷി രോഗിക്ക് ഉണ്ടാവില്ല. അവരോട് ഇടപഴകുന്നവരാകും പലപ്പോഴും ഇത് കണ്ടെത്തുന്നത്.
മറവിരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഓര്‍മപ്പിശകും ഭാഷാപരമായ പ്രശ്‌നങ്ങളുമാണ്. അതായത് പേരുകള്‍ മറന്നുപോവുക, പണ്ട് പഠിച്ചത് പലതും ഓര്‍ക്കാന്‍ സാധിക്കാതിരിക്കുക, ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഓര്‍മപ്പിശക് വരിക. കണക്കുകൂട്ടുന്നത് തെറ്റിപ്പോവുക, സ്ഥിരമായി പോകുന്ന വഴി തെറ്റി പോവുക. അല്ലെങ്കില്‍ പുതിയ ഒരു വഴിയില്‍ പോയാല്‍ തിരിച്ച് അതിലെ വരാന്‍ കഴിയാതിരിക്കുക. ജനസംഖ്യയിൽ 7 ശതമാനം ആളുകള്‍ക്ക് മാത്രമേ അല്‍ഷിമേഴ്‌സ് കൊണ്ടുണ്ടാകുന്ന ഓര്‍മക്കുറവ് ഉണ്ടാകുന്നുളളൂ.
ചില കാര്യങ്ങളെല്ലാം നിത്യജീവിതത്തില്‍ പലര്‍ക്കും സംഭവിക്കാറുളളതാണ്. ശ്രദ്ധ ഓര്‍മ്മയുമായും കൂടി ബന്ധപ്പെട്ടിരിക്കുന്നു. നല്ലൊരു ശതമാനം ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവ് കൊണ്ടും സംഭവിക്കാം. അല്‍ഷിമേഴ്‌സിനെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ തന്‍മാത്ര എന്ന സിനിമകൊണ്ട് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതിലും ചില കുഴപ്പങ്ങള്‍ ഉണ്ട്. എപ്പോഴും ഒരു സിനിമ മെലോഡ്രാമ ശൈലിയിലാണ് ചെയ്യാറ്. തന്‍മാത്രയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് മറവിരോഗം വരുന്നത് എട്ടോ പത്തോ വര്‍ഷത്തെയോ മറ്റോ കാലയളവുകൊണ്ടാണ്. ഇത്രയും കുറഞ്ഞ കാലയളവ് കൊണ്ടുണ്ടാകുന്ന മറവി രോഗം വളരെ അപൂര്‍വ്വമായി മാത്രമേ യഥാര്‍ഥ ജീവിതത്തില്‍ കാണാന്‍ സാധിക്കൂ. സിനിമയ്ക്ക് അത്തരം കാര്യങ്ങളൊക്കെ വിശദീകരിക്കാന്‍ പരിമിതിയുണ്ടല്ലോ.
നമുക്ക് മറവി ഉണ്ടാകുന്നത് ശ്രദ്ധ, സമ്മര്‍ദ്ദം, മൾട്ടി ടാസ്കിൽ വ്യാപൃതരായിരിക്കുക എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. ഇതൊന്നും ഒരിക്കലും രോഗലക്ഷണമല്ല. എന്നാല്‍ ചില രോഗങ്ങളുടെ ലക്ഷണമായി മറവി ഉണ്ടാകാം.
സ്‌ട്രോക്ക്, രക്തസ്രാവം, തലച്ചോറിനുണ്ടാകുന്ന അണുബാധ, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍, പ്രതിരോധ സംവിധാനങ്ങളിലെ തകരാറുകള്‍ , തൈറോയ്ഡ് , ഷുഗര്‍, വൈറ്റമിന്‍ ഡി, ബി12 എന്നിവയുടെ കുറവ്, ചില ക്യാന്‍സറുകളുടെ ആദ്യ ലക്ഷണം എന്നിവയൊക്കെ ഓര്‍മ്മക്കുറവായി പ്രത്യക്ഷപ്പെട്ടേക്കാം. ഉദാഹരണത്തിന് ബ്രസ്റ്റ് ക്യാന്‍സര്‍ ഓവറിയിലെ ക്യാന്‍സര്‍ ഇവയ്‌ക്കൊക്കെ ഓര്‍മപിശകായിരിക്കും ആദ്യ ലക്ഷണം. പാരമ്പര്യമായും ചിലര്‍ക്ക് മറവിരോഗം ഉണ്ടായേക്കാം. സ്‌കാനിംഗില്‍ കൂടിയും ടെസ്റ്റുകളിലൂടെയും രോഗം കണ്ടെത്താം.അല്‍ഷിമേഴ്‌സ് രോഗത്തിന് ഇന്ന് വരെ ഒരു ചിക്ത്‌സയും കണ്ടുപിടിച്ചിട്ടില്ല. പഠനങ്ങള്‍ നടന്ന് വരുന്നതേയുള്ളൂ.
Content Highlights :Forgetfulness can be a symptom of cancer