ട്രംപും മെലാനിയയും കയറിയതോടെ എസ്കലേറ്റർ നിലച്ചു; അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ്, അട്ടിമറിയില്ലെന്ന് യുഎൻ

എസ്‌കലേറ്റർ നിലച്ചതോടെ ഇരുവരും അത്ഭുതത്തോടെ ചുറ്റും നോക്കുന്നത് വീഡിയോയിൽ കാണാം

ട്രംപും മെലാനിയയും കയറിയതോടെ എസ്കലേറ്റർ നിലച്ചു; അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ്, അട്ടിമറിയില്ലെന്ന് യുഎൻ
dot image

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും കയറിയതോടെ എസ്കലേറ്റർ നിലച്ചു. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തായിരുന്നു സംഭവം. ഇരുവരും മുകളിലെ നിലയിലേക്ക് പോകാനായി കാലെടുത്തുവെച്ച ഉടൻതന്നെ എസ്‌കലേറ്ററിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് ഇരുവരും പടികൾ ചവിട്ടിക്കയറിയാണ് മുകളിലെത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എസ്‌കലേറ്റർ നിലച്ചതോടെ ഇരുവരും അത്ഭുതത്തോടെ ചുറ്റും നോക്കുന്നത് വീഡിയോയിൽ കാണാം.

സംഭവത്തിൽ അന്വേഷണം വേണമെന്നാണ് വൈറ്റ് ഹൗസിന്റെ ആവശ്യം. യുഎൻ അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആവശ്യപ്പെട്ടു. ആരെങ്കിലും മനഃപൂർവം എസ്‌കലേറ്റർ നിർത്തിയതാണെങ്കിൽ അവരെ പുറത്താക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രസ് സെക്രട്ടറി സമൂഹമാധ്യമത്തിൽ കുറിച്ചു.

എന്നാൽ സംഭവത്തിൽ അട്ടിമറി ശ്രമങ്ങളൊന്നുമില്ലെന്ന് യുഎൻ വ്യക്തമാക്കി. യുഎസ് പ്രസിഡൻറിന് മുൻപായി കടന്നുപോയ ആൾ അബദ്ധത്തിൽ എസ്‌കലേറ്ററിന്റെ സുരക്ഷാസംവിധാനം പ്രവർത്തനക്ഷമമാക്കിയതാണെന്നും അതിനാലാണ് എസ്‌കലേറ്റർ പെട്ടെന്ന് നിന്നുപോയതെന്നും യുഎൻ വക്താവ് ഫർഹാൻ അസിസ് ഹഖ് പറഞ്ഞു.

Donald Trump and First Lady Melania Trump walk up an escalator after it stalled at the UN headquarters in New York
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് എസ്കലേറ്റർ നിലച്ചതിനാൽ ട്രംപും മെലാനിയയും നടന്ന് കയറുന്നു

അതേസമയം, ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും മധ്യത്തിൽ നിന്നുപോയ എസ്‌കലേറ്ററാണ് തനിക്ക് യുഎന്നിൽ നിന്ന് കിട്ടിയതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. 'മെലാനിയ നല്ല ആരോഗ്യാവസ്ഥയിൽ അല്ലായിരുന്നുവെങ്കിൽ അവർ വീണുപോകുമായിരുന്നു. പക്ഷേ അവർ നല്ല ഫിറ്റ്നസിലാണ്', ട്രംപ് പറഞ്ഞത് യുഎൻ സദസ്സിൽ ചിരി പടർത്തി.

Content Highlights: UN says Safety mechanism caused Trump escalator malfunction

dot image
To advertise here,contact us
dot image