
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം.
ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഇന്ത്യ വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രധാനമായും മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനമാണ് ടീമില്‍ ചോദ്യം ചെയ്യപ്പെടുന്നത്. പാകിസ്താനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. ഓപ്പണറായി കളിച്ചിരുന്ന സഞ്ജു മധ്യനിരയിലേക്ക് മാറിയപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ മലയാളി താരത്തിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ഇന്ത്യന്‍ ടീമിന്റെ ഫീൽഡിങ് പരിശീലകന്‍ റയാന്‍ ടെന്‍ ദോഷെറ്റ്. പാകിസ്താനെതിരെ നിരാശപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിലും സഞ്ജു സാംസണ്‍ തന്നെ മധ്യനിരയില്‍ തുടരുമെന്നാണ് റയാന്‍ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.
'പുതിയ റോള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് സഞ്ജു മനസിലാക്കി വരുന്നതേയുള്ളു. നിലവില്‍ ഇന്ത്യയുടെ അഞ്ചാം നമ്പര്‍ റോളില്‍ സഞ്ജുവാണ് ഏറ്റവും ഫിറ്റായ താരമെന്നാണ് ടീം കരുതുന്നത്. സഞ്ജുവിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. നിലവിലെ പ്രതിസന്ധി സഞ്ജു പരിഹരിക്കുമെന്നാണ് കരുതുന്നത്', ദൊഷേറ്റ് പറഞ്ഞു.
#AsiaCupT20
— TOI Sports (@toisports) September 23, 2025
"We believe Sanju is the best man for the job" 💪
🇮🇳Fielding coach Ryan ten Doeschate backs Sanju Samson in his new role🏏
FULL VIDEO: https://t.co/AIKnQ3h5HP pic.twitter.com/w0FdCjUZZF
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും സഞ്ജു നടത്തുന്നത്. ഐപിഎല്ലില്‍ പോലും മധ്യനിരയില്‍ സഞ്ജു അധികകാലം കളിച്ചിട്ടില്ല. അതിനാല്‍ പുതിയ റോള്‍ താരത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഇതുവരെയും അഞ്ചാം നമ്പര്‍ റോളില്‍ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ലെങ്കിലും ഏഷ്യാ കപ്പില്‍ സഞ്ജു തന്നെയാകും അഞ്ചാം നമ്പറില്‍ തുടരുക എന്ന സൂചനയാണ് ഇന്ത്യയുടെ കോച്ച് നല്‍കുന്നത്.
Content Highlights: IND vs BAN: Ryan ten Doeschate backs Sanju Samson for No. 5 spot