'പെട്ടെന്ന് കഴുത്ത് തിരിച്ചാൽ സ്ട്രോക്കിന് സാധ്യതയുണ്ട്'; അറിയാം ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം

പെട്ടെന്ന് കഴുത്ത് തിരിക്കുന്നത് പക്ഷാഘാതം വരാന്‍ കാരണമാകുമോ?

'പെട്ടെന്ന് കഴുത്ത് തിരിച്ചാൽ സ്ട്രോക്കിന് സാധ്യതയുണ്ട്'; അറിയാം ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം
dot image

ബ്യൂട്ടിപാര്‍ലറില്‍ ഒരാള്‍ മുടി വെട്ടാനെത്തിയപ്പോള്‍ മുടിവെട്ടുന്നയാള്‍ കസ്റ്റമറുടെ തല മസാജ് ചെയ്യുകയും അയാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടായതുമായ വാര്‍ത്ത ഇതിന് മുന്‍പ് നാം കേട്ടിട്ടുണ്ട്. അതുപോലെ ഹെയര്‍ വാഷ് ചെയ്യുന്നതിനിടയില്‍ സമാനമായ അവസ്ഥ ഉണ്ടായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുളളൂ എങ്കിലും ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നല്ലേ?

മുടിവെട്ടുമ്പോള്‍ കഴുത്ത് ബലമായി പിറകിലേക്ക് വലിക്കുന്നതുകൊണ്ടും ഹെയര്‍ വാഷ് ചെയ്യുമ്പോള്‍ കഴുത്തിന് പിന്‍വശം പിറകിലേക്ക് വലിയുകയും അമരുകയും ചെയ്യുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാം. അതുപോലെതന്നെ ബോഡി മസാജ് ചെയ്യുമ്പോഴും സമാനമായ അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെയാണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക് സിന്‍ഡ്രോം എന്ന് പറയുന്നത്. 1992 ലാണ് ആദ്യമായി ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക് സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷിക്കാഗോയിലുള്ള ഡോ. മൈക്കിള്‍ വെയ്ന്‍ത്രോബ് നടത്തിയ പഠനത്തിലാണ് ആദ്യമായി ഇതേക്കുറിച്ച് പറയുന്നത്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു

ബ്യൂട്ടിപാര്‍ലറുകളില്‍ തല പിന്നിലേക്ക് വച്ച് ഒരു ബേസനില്‍ കിടത്തിയ ശേഷമാണ് നമ്മുടെ തല ഷാംപു ഉപയോഗിച്ച് വാഷ് ചെയ്യുന്നത്. സാധാരണ ഗതിയില്‍ കിടപ്പില്‍ അല്‍പ്പം അസ്വസ്ഥത തോന്നിയാലും ആരും അത് പ്രകടിപ്പിക്കാറില്ല. ആ കിടപ്പില്‍ കഴുത്തിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന പ്രധാന രക്തക്കുഴല്‍ അമര്‍ന്നുപോകാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ രക്തയോട്ടം നിലയ്ക്കുകയും തലച്ചോറിലേക്കുള്ള ഓക്‌സിജൻ്റെ അളവ് കുറയുകയും സ്‌ട്രോക്ക് ഉണ്ടാവുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പെട്ടെന്ന് കഴുത്ത് തിരിച്ചാല്‍ സ്‌ട്രോക്ക് വരുമോ?

ചില അവസരങ്ങളില്‍ പെട്ടെന്ന് കഴുത്ത് തിരിക്കുന്നത് സ്‌ട്രോക്ക് വരാന്‍ കാരണമാകുമെന്നാണ് ന്യൂറോസര്‍ജന്‍ ഡോ. സരീഷ് കുമാര്‍ പറയുന്നത്. അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോയിലാണ് ഇതേക്കുറിച്ചുളള വിവരങ്ങളുളളത്.

'പലപ്പോഴും മുടിമുറിക്കാനോ മസാജിനോ ഒക്കെ പോകുമ്പോള്‍ കഴുത്ത് പെട്ടെന്ന് തിരിക്കുകയും കഴുത്തിലൂടെ പോകുന്ന രക്തക്കുഴലായ വെര്‍ട്രിബ്രല്‍ ആര്‍ട്രിക്ക് പൊട്ടലുണ്ടാവുകയും തലച്ചോറിലേക്കുളള രക്തയോട്ടം കുറയുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടതാണ്. അങ്ങനെ സംഭവിച്ചാല്‍ അതിശക്തമായ തലവേദന , തലകറക്കം, ശര്‍ദ്ദി, കൈകാലുകള്‍ക്ക് ബലക്കുറവ്, ബോധക്കുറവ്, അപസ്മാരം എന്നീലക്ഷണങ്ങള്‍ ഉണ്ടാവാം. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തി തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ രക്തയോട്ടം കുറഞ്ഞ് പോകുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാനുള്ള ആന്‍ജിയോഗ്രാം ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെ'ന്നാണ് തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഡോ. സരീഷ് പറയുന്നത്.

Content Highlights:Can you get a stroke while getting a haircut at a beauty parlor? Know about beauty parlor stroke syndrome

dot image
To advertise here,contact us
dot image