ബലാത്സംഗക്കേസ്; വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് പരാതിക്കാരിയോട് ഹൈക്കോടതി ചോദിച്ചിരുന്നു

dot image

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ വേടനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടോയെന്ന കാര്യം സർക്കാർ സിംഗിൾ ബെഞ്ചിനെ അറിയിക്കും. വേടനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിലും സർക്കാർ മറുപടി നൽകും. രഹസ്യ ചാറ്റുകൾ ഉൾപ്പടെ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരി സമയം തേടിയതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

കേസുമായി ബന്ധപ്പെട്ട വാദം മാത്രം ഉന്നയിച്ചാൽ മതിയെന്നും സമൂഹ മാധ്യമങ്ങളിൽ വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോടതിക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ആയിരുന്നു പരാതിക്കാരിയുടെ അഭിഭാഷകയോട് സിംഗിൾ ബെഞ്ച് ഉയർത്തിയ വിമർശനം. ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്നും പരാതിക്കാരിയോട് കോടതി ചോദിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി എന്നതുകൊണ്ടുമാത്രം അതിൽ ക്രിമിനൽ കുറ്റകൃത്യം നിലനിൽക്കില്ലെന്നും കോടതി നീരീക്ഷിച്ചിരുന്നു.പിന്നാലെ കേസിൽ വേടന്റെ അറസ്റ്റ് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം വേടൻ ഇപ്പോഴും ഒളിവിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. പരാതി ഉയർന്നതിന് പിന്നാലെ സംഗീത പരിപാടികൾ റദ്ദാക്കിയ വേടനെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു.യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ യുവതിയെ വിവിധ ഇടങ്ങളിൽവെച്ച് വേടൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

Content Highlights: The HighCourt will consider Rapper Vedan anticipatory bail application today

dot image
To advertise here,contact us
dot image