
ഒരു കൊതുകല്ലേ…എന്ന് കരുതി നിസാരക്കാരനായി കാണരുത്..കൊതുക് വിചാരിച്ചാല്‍ ചികിത്സിച്ചാലും ഭേദമാകാത്ത രോഗങ്ങളുണ്ടാക്കാന്‍ കഴിയും. ജാഗ്രത വേണം. ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായി കൊതുകിനെ കാണുന്നതില്‍ തെറ്റൊന്നും ഇല്ല. കൊതുക് കടിച്ചാല്‍ വരുന്ന ചികിത്സിച്ചാല്‍ പോലും ഭേദമാകാത്ത രോഗങ്ങള്‍ ഏതൊക്കെയാണെന്നറിയാം.
ഡെങ്കിപ്പനി
ഡെങ്കിപ്പനി വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ്. രോഗബാധിതരായ കൊതുകുകളുടെ കടിയിലൂടെയാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 100-400 ദശലക്ഷം ഡെങ്കിപ്പനി കേസുകള്‍ ഉണ്ടാകുന്നു . ഉയര്‍ന്ന പനി, കഠിനമായ തലവേദന, സന്ധി വേദന, ചിലരില്‍ മാരകമായേക്കാവുന്ന രക്തസ്രാവം, പനി എന്നിവയാണ് ലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ജാപ്പനീസ് എന്‍സെഫലൈറ്റിസ്
ജാപ്പനീസ് എന്‍സെഫലൈറ്റിസ് ഒരു ഫ്‌ളേവിവൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഏഷ്യയിലെയും പടിഞ്ഞാറന്‍ പസഫിക്കിലെയും ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ക്യൂലക്‌സ് കൊതുകുകളാണ് ഈ വൈറസ് പരത്തുന്നത്. മിക്ക അണുബാധകളും നേരിയതോ ലക്ഷണമില്ലാത്തതോ ആണെങ്കിലും, ചില കേസുകളില്‍, ഉയര്‍ന്ന പനി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇത് തലച്ചോറിലെ വീക്കം, നാഡീവ്യവസ്ഥയ്ക്ക് സ്ഥിരമായ കേടുപാടുകള്‍ എന്നിവയുണ്ടാക്കിയേക്കാം. വൈറസിന് നിലവില്‍ ചികിത്സയില്ല. ലക്ഷണങ്ങളാണ് ചികിത്സിക്കുന്നത്.
സിക്ക വൈറസ്
സിക്ക വൈറസ് രോഗം വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ഈഡിസ് കൊതുകുകളാണ് ഈ വൈറസ് അണുബാധ പരത്തുന്നത്. സിക്ക വൈറസ് ബാധിച്ച ചില ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല. എന്നിരുന്നാലും, ഗര്‍ഭിണികള്‍ക്ക് അണുബാധയുണ്ടായാല്‍ അത് വളരെ ഗുരുതരമായേക്കാം. ഇത് ജനിക്കുന്ന ശിശുക്കളില്‍ മൈക്രോസെഫാലി ഉള്‍പ്പെടെയുള്ള ഗുരുതരമായ വൈകല്യങ്ങള്‍ക്ക് കാരണമാകും. നിലവില്‍ സിക്ക വൈറസ് രോഗത്തിന് ആന്റി വൈറല്‍ ചികിത്സ ലഭ്യമല്ല. നന്നായി വിശ്രമിക്കുക, വെള്ളം നന്നായി കുടിക്കുക, വേദനസംഹാരികള്‍, ആന്റിപൈറിറ്റിക്‌സ് എന്നിവ കഴിക്കുക എന്നിവ വഴി ചികിത്സ പരിമിതപ്പെടുത്തിയിരിക്കുകയാണ് ചെയ്യുന്നത്.
ചിക്കുന്‍ഗുനിയ
ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് ചിക്കുന്‍ഗുനിയ. ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന പനിയും സന്ധി വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിക്കുന്‍ഗുനിയ മൂലമുള്ള മരണവും ഗുരുതരമായ സങ്കീര്‍ണതകളും അപൂര്‍വ്വമായി കണ്ടുവരുന്നുണ്ട്. ചിക്കുന്‍ഗുനിയ ദീര്‍ഘകാല ആര്‍ത്രൈറ്റിസിന് വരെ കാരണമായേക്കാം. ചിക്കുന്‍ഗുനിയ ചികിത്സിക്കാന്‍ നിലവില്‍ മരുന്നുകളൊന്നുമില്ല. മരുന്നുകള്‍, വിശ്രമം, നന്നായി വെള്ളം കുടിക്കുക എന്നിവയിലൂടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ.
വെസ്റ്റ് നൈല്‍ വൈറസ്
വെസ്റ്റ് നൈല്‍ വൈറസ് മാരകമായ നാഡീ രോഗത്തിന് കാരണമാകുന്നു. രോഗബാധിതരായ കൊതുകുകളുടെ കടിയിലൂടെയാണ് ഈ വൈറസ് പകരുന്നത്. രോഗബാധിതരില്‍ ഏകദേശം 80% പേരും രോഗലക്ഷണങ്ങളില്ലാത്തവരാണ്. ഇത് അണുബാധയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. തലവേദന, കടുത്ത പനി, കഴുത്തിലെ സ്റ്റിഫ്‌നസ്, മയക്കം, ദിശാബോധം നഷ്ടപ്പെടല്‍, വിറയല്‍, ഹൃദയാഘാതം, പേശി ബലഹീനത, പക്ഷാഘാതം എന്നിവയാണ് ഈ വൈറസ് ബാധിക്കുന്നവരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. നിലവില്‍, ഈ അണുബാധയ്ക്ക് ചികിത്സിക്കാന്‍ മരുന്നുകളൊന്നുമില്ല. ആന്റിബയോട്ടിക്കുകളും ഫലപ്രദമല്ല.
യെല്ലോ ഫീവര്‍
ആഫ്രിക്കയിലും ദക്ഷിണ അമേരിക്കയിലും കാണപ്പെടുന്ന ഒരു തരം വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ അണുബാധയാണിത്. ഈ വൈറസ് പകര്‍ത്തുന്നത് ഈഡിസ് ഈജിപ്തി കൊതുകുകളാണ്.പനി, വിറയല്‍, പേശി വേദന, ഓക്കാനം, കൂടുതല്‍ തീവ്രമായ കേസുകളില്‍ മഞ്ഞപ്പിത്തം, രക്തസ്രാവം എന്നിവയ്ക്കും കാരണമാകും. നിലവില്‍, അണുബാധയെ ചികിത്സിക്കാന്‍ മരുന്നുകളൊന്നുമില്ല. എന്നാല്‍ ഇത് തടയാന്‍ വാക്‌സിന്‍ ലഭ്യമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്, ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടേണ്ടതാണ്)
Content Highlights :Some mosquito-borne diseases cannot be cured even with treatment