
വന്നുവന്ന് ധരിക്കുന്ന വസ്ത്രം വരെ അലര്‍ജിയാകുന്ന കാലമാണ്. രോഗികളില്‍ ടെക്‌സ്‌റ്റൈല്‍ ഡെര്‍മറ്റൈറ്റിസ് ബാധിതരായവരുടെ എണ്ണത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാണിച്ച് ചര്‍മരോഗ വിദഗ്ധര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണിന് മനോഹരമെന്ന് തോന്നുന്ന വസ്ത്രങ്ങളാണ് ഭൂരിഭാഗം പേരും പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. അത് ചര്‍മത്തിന് പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന കാര്യം നാം അത്ര ഗൗരവത്തിലെടുക്കാറില്ല. എന്നാല്‍ വസ്ത്രങ്ങളെടുക്കുമ്പോള്‍ ഇനി മുതല്‍ അവ കാണാന്‍ ഭംഗിയുണ്ടോ എന്നുമാത്രം നോക്കിയാല്‍ പോര ചര്‍മത്തിന് അനുയോജ്യമാണോ എന്നുകൂടി ഉറപ്പുവരുത്തണമെന്നും ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു.
വില്ലനാകുന്നത് സിന്തറ്റിക് ഫൈബര്‍ മറ്റീരിയലുകളില്‍ തയ്യാറാക്കുന്ന വസ്ത്രങ്ങളാണ്. ഇവ പെട്ടെന്ന് ചൂടുപിടിക്കും..തന്നെയുമല്ല ഇവയ്ക്ക് വിയര്‍പ്പ് ആഗിരണം ചെയ്യാനുള്ള കഴിവുമില്ല. ഇത് ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും ഉരസലും ചൊറിച്ചിലും ചര്‍മത്തില്‍ മുറിവുണ്ടാക്കുകയും ചെയ്യും. പോളിസ്റ്റര്‍, നൈലോണ്‍, സ്പാന്‍ഡെക്‌സ് വസ്ത്രങ്ങളാണ് പൊതുവില്‍ പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പോക്കറ്റ് ഫ്രണ്ട്‌ലി ആയ ഇവ ഒട്ടും സ്‌കിന്‍ ഫ്രണ്ട്‌ലി അല്ലെന്ന് ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു.
തുണിത്തരങ്ങളില്‍ പ്രൊസസിങ്ങിനായി ഉപയോഗിക്കുന്ന ഡൈ, റെസിന്‍, കെമിക്കല്‍ ഫിനിഷ് എന്നിവയാണ് പലപ്പോഴും വില്ലനാകുന്നത്. അത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നു. തുണി ചുളിയുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിന്‍, അസോ, ഡിസ്‌പേഴ്‌സ് ഡൈ, ഇലാസ്റ്റിക് സ്പാന്‍ഡെക്‌സ് എന്നിവയെല്ലാം ചില ചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും..
ഇതിനെല്ലാം പുറമേ വല്ലാതെ ഇറുകിയ വസ്ത്രമാണെങ്കില്‍ അത് ദേഹത്തുരഞ്ഞ് റാഷസ് വരുത്തും. ചൊറിച്ചില്‍, ചര്‍മം ചുവന്ന് തടിക്കുക, കുമിളകള്‍ ഉണ്ടാകുക, തുണി ഇറുകി കിടക്കുന്ന അരയിലും, തുടകളിലും, കഴുത്തിലുമെല്ലാമാണ് കൂടുതല്‍ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. പലരും അത് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുകയാണ്. എന്നാല്‍ സംഭവിക്കുന്നത് ഇതാണ്.
അതുകൊണ്ട് ധരിക്കുന്ന വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ സിന്തറ്റിക് ഫൈബര്‍ മറ്റീരിയലുകള്‍ക്ക് പകരം കോട്ടണോ, ബാംബൂവോ,ലിനനോ തിരഞ്ഞെടുക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വായുസഞ്ചാരം ഉറപ്പുവരുത്തുന്നവയാണ് ഈ വസ്ത്രങ്ങള്‍. ഇതിന് വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ സാധിക്കും. കെമിക്കലുകള്‍ കുറവാണ്.
അതുപോലെ ധരിക്കുന്നതിന് മുന്‍പേ വസത്രങ്ങള്‍ നല്ല രീതിയില്‍ അലക്കി വൃത്തിയാക്കണം.
കെമിക്കല്‍ ഒരുപാട് അടങ്ങിയ വാഷിങ് പൗഡറുകള്‍ ഒഴിവാക്കാം.
വല്ലാതെ ഇറുകിയ സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കാം. പ്രത്യേകിച്ച് വേനലില്‍..വിയര്‍പ്പുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കും.
Content Highlights: The Hidden Dangers of Synthetic Fabrics: Understanding Textile Dermatitis