
ഭക്ഷണങ്ങളിലൂടെ ശരീരത്തില്‍ ലഭിക്കുന്ന രണ്ട് പ്രധാനപ്പെട്ട ധാതുക്കളാണ് കാല്‍സ്യവും അയേണും. എങ്കിലും പലര്‍ക്കും ഭക്ഷണത്തിലൂടെ ഇവ രണ്ടും ആവശ്യത്തിന് പലപ്പോഴും ലഭിക്കാറില്ല. ആവശ്യത്തിന് കാല്‍സ്യം ലഭിച്ചില്ല എങ്കില്‍ ഓസ്റ്റിയോപോറിസിസ് പോലെയുളള അവസ്ഥയ്ക്ക് കാരണമാകും. ഇത് അസ്ഥികള്‍ പൊട്ടുന്നതിലേക്ക് നയിക്കും. ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പ് ലഭിച്ചില്ലെങ്കില്‍ ക്ഷീണത്തിനും വിളര്‍ച്ചയ്ക്കും മറ്റും കാരണമാകും.
ചിലരില്‍ ഈ രണ്ട് ധാതുക്കളും കുറവായിരിക്കും. ഭക്ഷണത്തിലൂടെ ഇവ ലഭ്യമല്ലാത്തപ്പോള്‍ സപ്ലിമെന്റുകളിലൂടെ ഇവ കഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തേക്കാം.
കാല്‍സ്യവും ഇരുമ്പും ഒരുമിച്ച് കഴിച്ചാല്‍ കാല്‍സ്യം അയേണിന്റെ ആഗിരണം കുറയ്ക്കും. അതിനാല്‍ രണ്ട് സപ്ലിമെന്റുകളും ഒരേസമയം കഴിക്കുന്നതിന് പകരം രണ്ട് വ്യത്യസ്ത സമയങ്ങളില്‍ കഴിക്കാവുന്നതാണ്. ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ കാല്‍സ്യം നന്നായി ആഗിരണം ചെയ്യപ്പെടും.
പ്രത്യേകിച്ച് കാല്‍സ്യം കാര്‍ബണേറ്റ് പോലുള്ളത് ഉപയോഗിക്കുകയാണെങ്കില്‍. ദ്രാവക രൂപത്തിലോ പൊടി രൂപത്തിലോ വരുന്ന കാല്‍സ്യം സപ്ലിമെന്റുകളും നന്നായി ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഭക്ഷണത്തോടൊപ്പം കാല്‍സ്യം സപ്ലിമെന്റ് കഴിക്കുന്നതിന് പകരം, ഉറക്കത്തിന് മുമ്പ് കാല്‍സ്യം സപ്ലിമെന്റ് കഴിക്കുന്നതാണ് നല്ലത്. കാരണം ഇത് ഭക്ഷണത്തിലൂടെയുള്ള ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടാതിരിക്കാന്‍ സഹായിക്കും.
ഗുളികകളും ദ്രാവകങ്ങളും ഉള്‍പ്പെടെ വിവിധ രൂപങ്ങളില്‍ വരുന്ന അയേണ്‍ ഭക്ഷണത്തിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. ഭക്ഷണത്തോടൊപ്പം അയേണ്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം 40-75% വരെ കുറയ്ക്കും. ഒഴിഞ്ഞ വയറ്റില്‍ അയേണ്‍ കഴിച്ചാല്‍ ചില ആളുകള്‍ക്ക് വയറുവേദന അനുഭവപ്പെടാം. അങ്ങനെയാണെങ്കില്‍ ഭക്ഷണത്തിനൊപ്പം കഴിക്കാവുന്നതാണ്. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍, കാപ്പി, ചായ അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഇത് കഴിക്കുന്നത് ഒഴിവാക്കുക.
അയേണിന്റെ ഗുണങ്ങള്‍
മാംസം, സമുദ്രവിഭവങ്ങള്‍, നട്സ് , ബീന്‍സ്, പച്ചക്കറികള്‍, ധാന്യങ്ങള്‍ പോലുള്ള പോഷകസമൃദ്ധമായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഒരു അവശ്യ ധാതുവാണ് ഇരുമ്പ്.നിങ്ങളുടെ ചുവന്ന രക്താണുക്കളില്‍ ശരീരത്തിലുടനീളം ഓക്സിജന്‍ വഹിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഭാഗമാണ് ഇരുമ്പ് . കുട്ടികളില്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും, നാഡീവ്യവസ്ഥയുടെ വികസനം വര്‍ദ്ധിപ്പിക്കുകയും, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കാല്‍സ്യത്തിന്റെ ഗുണങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍, ബ്രോക്കോളി പോലുള്ള പച്ചക്കറികള്‍, വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത ധാന്യങ്ങള്‍ പോലുള്ള പോഷകസമൃദ്ധമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ കാല്‍സ്യം കാണപ്പെടുന്നതിനാല്‍, ചില ആളുകള്‍ക്ക് ഭക്ഷണത്തിലൂടെ മാത്രം ആവശ്യത്തിന് കാല്‍സ്യം ലഭിക്കും. ആവശ്യത്തിന് കാല്‍സ്യം ലഭിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ പോലുള്ള ചിലതരം അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനും കാല്‍സ്യം സഹായിക്കും.
( ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ സഹായം തേടേണ്ടതാണ്)
Content Highlights :Are you taking calcium and iron supplements together, but you should know this. What happens in the body if you take calcium and iron together?