
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. രക്തം ഫിൽട്ടർ ചെയ്യുക, പിത്തരസം ഉത്പാദിക്കുക, പോഷകങ്ങൾ ഏകോപിപ്പിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ശരീരം കരളിനെ ഏൽപ്പിച്ചിരിക്കുന്നത്. രക്തത്തിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നതാണ് കരളിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി. എന്നാൽ ചില സമയങ്ങളിൽ നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ കരളിന്റെ ആരോഗ്യത്തെ തകരാറിലാക്കും. ഇത് ഫാറ്റി ലിവർ, ലിവർ സിറോസിസ്, ഫാറ്റി ലിവർ ഡിസീസ്, അക്യൂട്ട് ലിവർ ഫെയ്ലിങ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കരളിനെ തകരാറിലാക്കുന്ന ഈ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ഫ്രാക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ
പഴങ്ങളിലും, തേനിലുമെല്ലാം കാണപ്പെടുന്ന ഒരു തരം പഞ്ചസാരയാണ് ഫ്രാക്ടോസ്. പഴങ്ങളിൽ നിന്ന് നേരിട്ട് ഫ്രാക്ടോസ് ശരീരത്തിനകത്ത് ചെല്ലുന്നത് ദോഷകരമല്ല. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നും കൃത്രിമ മധുര പാനീയങ്ങളിൽ നിന്നും ശരീരത്തിലെത്തുന്ന അമിത ഫ്രാക്ടോസ് കരളിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു.
എത്രത്തോളം ഫ്രാക്ടോസ് ശരീരത്തിനകത്ത് എത്തുന്നുവോ, കരൾ അതിനെ ഫിൽട്ടർ ചെയ്യാൻ അത്രയും കൂടുതൽ പണിയെടുക്കേണ്ടി വരുന്നു. ഗ്ലൂക്കോസിനെ അപേക്ഷിച്ച് ഫ്രാക്ടോസിന്റെ സംസ്കരണം കൂടുതലായും നടക്കുന്നത് കരളിലാണ്, അതുകൊണ്ടാണ് ഫ്രാക്ടോസിന്റെ അമിത ഉപയോഗം കരളിനെ ബാധിക്കുന്നത്.
ഫ്രാക്ടോസിനെ വിഘടിപ്പിച്ച് കൊഴുപ്പാക്കി മാറ്റുകയാണ് കരൾ ചെയ്യുന്നത്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുന്നു. ഇത് പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് അറിയപ്പെടുന്ന രോഗത്തിന് കാരണമാകുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കാലക്രമേണ അടിഞ്ഞ് കൂടിയ കൊഴുപ്പുകൾ കരൾ വീക്കത്തിൽ തുടങ്ങി കരളിലെ കാൻസറിന് വരെ കാരണമാകും.
കൂടാതെ, ശരീരത്തിൽ ഫ്രാക്ടോസിന്റെ അളവ് വർധിക്കുന്നതോടെ കരളിൽ ഓക്സിഡേറ്റീവ് സമ്മർദം, വീക്കം എന്നിവ ഉണ്ടാകുന്നു. ഇത് യൂറിക് ആസിഡിന്റെ അളവും രക്തസമ്മർദവും വർധിപ്പിക്കുകയും ശരീരത്തിന് ഇൻസുലിനോടുള്ള പ്രതികരണത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ കരൾ രോഗം, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
വിവിധ തരം എണ്ണകൾ
സൂര്യകാന്തി, കുങ്കുമം, കോട്ടൻ സീഡ്, സോയാബീൻ, ചോളം തുടങ്ങിയവയിൽ നിന്നും എടുക്കുന്ന എണ്ണകൾ കരളിനെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സംസ്കരിച്ച് സൂക്ഷിച്ചിരിക്കുന്നതും, വറുക്കുന്നതുമായ പല ഭക്ഷണങ്ങളിലും ഇത്തരം എണ്ണകൾ സാധാരണമാണല്ലോ. മുകളിൽ പറഞ്ഞ സാധനങ്ങളെല്ലാം ആരോഗ്യകരമായവ ആണെന്ന് നമുക്ക് അറിയാവുന്നതിനാൽ അതിന്റെ എണ്ണയും ശരീരത്തിന് ഗുണം ചെയ്യുമെന്ന് നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്.
ഇത്തരം എണ്ണകൾ ശരീരത്തിന് ദോഷകരമാണ്. ഇത് ചൂടാക്കുമ്പോൾ എണ്ണയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഓക്സീകരിക്കപ്പെടുന്നു. ഈ രാസപ്രവർത്തനം ട്രാൻസ് ഫാറ്റുകൾ, ലിപിഡ് പെറോക്സൈഡ് തുടങ്ങിയ വിഷവസ്തുക്കളാണ് പുറന്തള്ളുന്നത്. ട്രാൻസ് ഫാറ്റ് ഹൃദ്രോഗത്തിന് കാരണമാകുന്നു, ലിപിഡ് പെറോക്സൈഡുകൾ ഡിഎൻഎയും, പ്രോട്ടീനെയും ബാധിക്കുകയും കരൾ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.
നമുക്ക് അറിയാവുന്നത് പോലെ ഒരു തവണ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അത് ഗുണത്തെക്കാൾ ദോഷം ചെയ്യുന്നു. വിഷലിപ്തമാകുന്ന ഈ എണ്ണകൾ കരൾ വീക്കത്തിനും കരളുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾക്കും കാരണമാകുന്നു. ഇത്തരം എണ്ണകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിമിതപ്പെടുത്തി ഒലിവ് ഓയിൽ, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ പങ്കുവഹിക്കുന്നു.
ജ്യൂസുകൾ
പഴങ്ങൾ ആരോഗ്യകരമായതിനാൽ, കടകളിൽ ലഭിക്കുന്ന ജ്യൂസുകളും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുധാരണ. എന്നാൽ കുപ്പികളിലാക്കി വിൽക്കുന്ന ജ്യൂസുകളിൽ നാര് കുറവും പഞ്ചസാര കൂടുതലുമാണെന്ന് പഠനങ്ങൾ പറയുന്നു. പഴങ്ങൾ ജ്യൂസാക്കി മാറ്റുമ്പോൾ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന നാരുകൾ നീക്കം ചെയ്യുകയും, കൂടുതൽ പഞ്ചസാര ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഫ്രാക്ടോസിന്റെ അളവ് വർധിക്കാൻ കാരണമാവുകയും കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
വലിയ അളവിൽ ജ്യൂസ് കുടിക്കുന്നത് സംസ്കരിച്ച ഭക്ഷണം കഴിക്കുന്നതിന് തുല്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പഞ്ചസാരയും വിഘടിപ്പിക്കേണ്ടത് കരളിന്റെ ചുമതലയാണ്. ഇത് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകും.
Content Highlight; The Hidden Dangers: Foods That Harm Your Liver