താക്കോല്‍ എവിടെ വച്ചു? മറവി വില്ലനാകുന്നുണ്ടോ..;അറിയാം ബ്രെയിൻ ഫോ​ഗിങ്

ചിലപ്പോള്‍ ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മറന്ന് പോകുന്നതിനെയാണ് ബ്രെയിന്‍ ഫോഗിങ് എന്ന് പറയുന്നത്

dot image

ബ്രെയിന്‍ ഫോഗ് എന്ന് കേട്ടിട്ടുണ്ടോ? നമ്മളെല്ലാം ഇടയ്ക്കിടെ കടന്ന് പോകാറുള്ള അവസ്ഥയാണ് ബ്രെയിന്‍ ഫോഗിങ്, പക്ഷെ പേര് അല്‍പം അപരിചിതമാണെന്ന് മാത്രം. ചിലപ്പോള്‍ ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മറന്ന് പോകുന്നതിനെയാണ് ബ്രെയിന്‍ ഫോഗിങ് എന്ന് പറയുന്നത്. താക്കോല്‍ എവിടെ വച്ചു, വാച്ച് ഊരി എവിടെയോ മറന്ന് വച്ചു, തുടങ്ങിയ ചില മറവികള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഇതിനെ എങ്ങനെ മറികടക്കാമെന്ന് നോക്കാം.

ബ്രെയിന്‍ ഫോഗിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ സമ്മര്‍ദം, ഉറക്കക്കുറവ്, പോഷകക്കുറവ് എന്നിവയുള്ളവരില്‍ ബ്രെയിന്‍ ഫോഗിങ് കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വല്ലപ്പോഴുമുണ്ടാകുന്ന മറവിയെ ബ്രെയിന്‍ ഫോഗിങ്ങായി കണക്കാക്കാന്‍ കഴിയില്ല. പക്ഷെ നിരന്തരം ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ബ്രെയിന്‍ ഫോഗിങ് മറികടക്കാം

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, രോഗപ്രതിരോധശേഷിക്കും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ബ്രെയിന്‍ ഫോഗിങ് തടയാന്‍ ഒരു പരിധി വരെ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യത്തിലൂടെ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഓര്‍മ്മശക്തി, ശ്രദ്ധ തുടങ്ങിയവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ബ്രെയിന്‍ ഫോഗിങ്ങില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാന്‍ സഹായിക്കുന്നു.

മഗ്നീഷ്യം

നാഡികളുടെ പ്രവര്‍ത്തനവും, ഊര്‍ജോല്‍പ്പാദനവും കൃത്യമായി നടക്കാന്‍ സഹായിക്കുന്ന ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം കുറയുന്നത് ശ്രദ്ധക്കുറവിനും, ക്ഷീണത്തിനും കാരണമാകുന്നു. ഭക്ഷണത്തില്‍ മഗ്നീഷ്യം ഉള്‍പ്പെടുത്തുന്നത് തലച്ചോറിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു.

എല്‍ തിയാനൈന്‍

ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഒരു അമിനോ ആസിഡാണ് എല്‍ തിയോനൈന്‍. എല്‍ തിയോനൈനിന്റെ കുറവ് ജാഗ്രതക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും, മറവി, ബ്രെയിന്‍ ഫോഗിങ് തുടങ്ങിയ പ്രശ്‌നങ്ങളെ നിസാരമായി കാണരുത്. വളരെ തുടക്കത്തില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച് നോക്കാമെങ്കിലും ഡോക്ടറുടെ അഭിപ്രായവും, ആവശ്യമെങ്കില്‍ ചികിത്സയും ഉറപ്പാക്കുക.

Content Highlight; Clear the Fog: Top Supplements to Boost Mental Clarity

dot image
To advertise here,contact us
dot image