
മസിലുകള്‍ വലിപ്പം വയ്ക്കാനുള്ള കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ ബോഡിബില്‍ഡിംഗ് താരം മരിച്ചു. റഷ്യന്‍ ഹള്‍ക്ക് എന്ന വിളിപ്പേരുള്ള ബോഡി ബില്‍ഡര്‍ നികിത കാചുക് ആണ് 35ാം വയസില്‍ മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശത്തിനും കിഡ്‌നിക്കും തകരാര്‍ സംഭവിച്ചതിന് പിന്നാലെ നികിത കാചുകിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ ഹൃദയാഘാതമുണ്ടായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി പരസ്യകരാര്‍ ഒപ്പുവച്ച താരം മസിലുകള്‍ പെരുപ്പിക്കാനായി കുത്തിവയ്പ്പുകള്‍ എടുത്തതോടെയാണ് ആശുപത്രിയിലായത്.
മരുന്ന് കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നതുകൊണ്ട് കുത്തിവയ്പ്പ് അവസാനിപ്പിക്കാതിരിക്കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നികിതയുടെ ഭാര്യയും ബോഡിബില്‍ഡറുമായ മരിയയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവച്ചത്.
21ാം വയസില്‍ 350 കിലോ ഡെഡ്‌ലിഫ്റ്റ്, 360 കിലോ സ്‌ക്വാട്ട്, 210 കിലോ ബെഞ്ച് പ്രസ് എന്നിവ പൂര്‍ത്തിയാക്കി റഷ്യയിലെ 'മാസ്റ്റര്‍ ഓഫ് സ്‌പോര്‍ട്‌സ്' വിജയിയായിരുന്നു നികിത കാചുക്.
Content Highlights :Bodybuilder Russian Hulk dies after taking muscle-enhancing injections