അസിഡിറ്റിയെന്ന് കരുതി, പരിശോധനയില്‍ കരള്‍ അര്‍ബുദം; രോഗം സ്ഥിരീകരിച്ച് ദീപിക കക്കര്‍

ഓരോ വർഷവും 8 ലക്ഷം ആളുകളെങ്കിലും പുതുതായി ലിവർ കാൻസർ ബാധിതരാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

dot image

ഹിന്ദി ടെലിവിഷന്‍ സീരിയൽ രംഗത്ത് പ്രശസ്തയായ നടി ദീപിക കക്കറിന് കരൾ കാൻസർ സ്ഥിരീകരിച്ചു. അസുഖത്തിന്റെ വിവരങ്ങൾ ദീപികയുടെ ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സെലിബ്രിറ്റി മാസ്റ്റർ ഷെഫ് എന്ന പരിപാടിയിൽ പങ്കെടുക്കവെ അസുഖത്തെ തുടർന്ന് സ്വയം പിന്മാറുകയായിരുന്നു ഇവർ. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ കണ്ടെത്തിയത്.

വയറുവേദന തുടങ്ങിയ ഘട്ടത്തിൽ അസിഡിറ്റിയാണെന്നാണാണ് ഇവർ കരുതിയിരുന്നത്, എന്നാൽ പരിശോധനയിൽ കരളിൽ ട്യൂമർ കണ്ടെത്തുകയും, സെക്കൻഡ് സ്‌റ്റേജ് ലിവർ ക്യാൻസർ സ്ഥിരീകരിക്കുകയുമായിരുന്നു. രോഗം തിരിച്ചറിയുന്നത് വരെ വേദനസംഹാരികളും, നിരവധി ആന്റിബയോട്ടിക്കുകളും ഉപയോഗിച്ചിരുന്നതായും ഇവരുടെ വീഡിയോയിൽ പറയുന്നു.

'രക്ത പരിശോധനയിൽ കണ്ടെത്തിയ അണുബാധയെ തുടർന്ന് സിടി സ്‌കാൻ നടത്തിയപ്പോൾ കരളിന്റെ ഇടത് ഭാഗത്ത് ഒരു ട്യൂമർ ഉള്ളതായി വ്യക്തമായി. ഒരു ടെന്നീസ് ബോളിനോളം വലിപ്പമുള്ള വളർച്ചയാണ് കരളിൽ ഉണ്ടായിരിക്കുന്നത്, അത് കാൻസറസാണെന്ന് സ്ഥിരീകരിച്ചു.' ഷൊയ്ബ് വ്യക്തമാക്കി.

എന്താണ് ലിവർ കാൻസർ
ജീവിതശൈലിയുമായി ഏറ്റവും ബന്ധമുള്ള രോഗങ്ങളിൽ ഒന്നാണ് ലിവർ കാൻസർ. സാധാരണ കാൻസർ പോലെ കരളിലെ കോശങ്ങളിലുണ്ടാകുന്ന അമിത വളർച്ചയാണിത്. ലിവർ കാൻസർ വിവിധതരത്തിലുണ്ട്. അതിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഹെപ്പറ്റോസെല്ലുലാർ കാർസിനോമയാണ്. കരളിലെ പ്രധാനകോശങ്ങളെ ബാധിക്കുന്നതിനാൽ ഈ രോ​ഗം ശരീരത്തെ ​ഗുരുതരമായി ബാധിക്കുന്നു. എന്നാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കരളിലേക്ക് വ്യാപിക്കുന്ന കാൻസറുകളെ ലിവർ കാൻസറായി കണക്കാക്കാറില്ല.


ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗമാണ് ലിവർ കാൻസർ. ഓരോ വർഷവും 8 ലക്ഷം ആളുകളെങ്കിലും പുതുതായി ലിവർ കാൻസർ ബാധിതരാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഓരോ വർഷം 7 ലക്ഷം ആളുകൾ ലിവർ കാൻസർ മൂലം മരണപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.


രോഗലക്ഷണങ്ങൾ

  1. വാരിയെല്ലിന് തൊട്ടുതാഴെയായി, വലത് വശത്ത് കട്ടിയുള്ള മുഴ.
  2. വയറിന്റെ വലതുവശത്ത് മുകളിലായി വേദന.
  3. വയറിൽ അസാധാരണമായ വീക്കം.
  4. വലത് തോളിന്റെ ഭാഗങ്ങളിലായി വേദന.
  5. മഞ്ഞപ്പിത്തം
  6. അസാധാരണമായ ക്ഷീണം, ഉത്സാഹമില്ലായ്മ
  7. ശ്വാസതടസം, ഛർദി
  8. ഭക്ഷണത്തോടുള്ള വിരക്തി
  9. അകാരണമായി ശരീരഭാരം കുറയുന്നത്.
  10. പനി

ലിവർ കാൻസർ പലപ്പോഴും വില്ലനാകുന്നത് രോഗനിർണയം വൈകുന്നതിനാലാണ്. ആളുകൾ പലപ്പോഴും ലിവർ കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവ്. ഇത് സ്ഥിതിഗതികൾ വഷളാക്കാൻ കാരണമാകുന്നു. വർഷങ്ങളോളം ലിവർ കാൻസർ തിരിച്ചറിയപ്പെടാതെ പോകുന്ന ആളുകളുമുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ വൈദ്യസഹായം തേടാൻ മടിക്കരുത്. എത്രവേഗത്തിൽ രോഗനിർണയം നടത്തുന്നുവോ, അത്ര നേരത്തെ രോഗമുക്തി സാധ്യമാകും.

Content Highlight; Dipika Kakar Diagnosed with Stage 2 Liver Cancer: What You Need to Know About the Disease

dot image
To advertise here,contact us
dot image