
എല്ലാ നടുവേദനകളും പേശിയുമായോ, എല്ലുകളുമായോ മാത്രം ബന്ധപ്പെട്ടതായിരിക്കണമെന്നില്ല. അവ ആന്തരിക അവയവങ്ങളായ വൃക്ക, കരള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. നടുവേദനയോടൊപ്പം വരുന്ന മറ്റ് ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നടുവേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകും.
തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ, ദീര്‍ഘ നിശ്വാസമെടുക്കുമ്പോഴോ നടുവേദന കൂടുന്നതായി തോന്നാറുണ്ടോ? ഇത് പലപ്പോഴും ശ്വാസകോശത്തിലെ അണുബാധയുടെയോ, വീക്കത്തിന്റെ ലക്ഷണമാകാറുണ്ട്. നടുവിന് ഒരുതരം കുത്തുന്ന വേദനയാണ് ഇത്തരം സാഹചര്യങ്ങളില്‍ അനുഭവപ്പെടുക.
നട്ടെല്ലിന്റെ വശങ്ങളിലോ, വാരിയെല്ലുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ ഉണ്ടാകുന്ന വേദന സാധാരണയായി വൃക്ക രോഗങ്ങളുടെ ലക്ഷണമാണ്. വൃക്കയില്‍ അണുബാധയോ, കല്ലോ ഉണ്ടാകുമ്പോഴാണ് ഇത്തരം വേദനകള്‍ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം വേദനകള്‍ പലപ്പോഴും സഹിക്കാന്‍ കഴിയാത്തവയായിരിക്കും, കൂടാതെ നടുവില്‍ നിന്ന് തുടങ്ങി അടിവറിലേക്കോ, ഞരമ്പുകളിലേക്കോ വേദന വ്യാപിക്കുന്നു.
വയറിനും, നടുവിനും ഇടയിലായി കുറച്ച് മുകള്‍ ഭാഗത്ത് ഉണ്ടാകുന്ന വേദന അല്ലെങ്കില്‍ അസ്വസ്ഥതയും സാധാരണയായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കാണ് അനുഭവപ്പെടുക. പനി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ മൂത്രത്തിന്റെ നിറത്തിലോ, അളവിലോ ഉണ്ടാകുന്ന വ്യത്യാസം എന്നിവയെല്ലാം ഇതോടൊപ്പം ഉണ്ടാകാം.
കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പലപ്പോഴും പുറത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായി വേദന വരുത്താറുണ്ട്. കരള്‍ വയറിന്റെ വലത് ഭാഗത്തായി കാണപ്പെടുന്നു. ഈ ഭാഗങ്ങളിലുണ്ടാകുന്ന വേദന ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. ക്ഷീണം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ ശരീരം കാണിക്കുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.
കഴുത്തിന്റെ നടുക്ക് മുതല്‍ അരക്കെട്ട് വരെയുണ്ടാകുന്ന വേദന ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. പള്‍മണറി എംബോളിസം, ശ്വാസകോശ അര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. നെഞ്ചില്‍ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നുക, ശ്വാസതടസം, വിട്ടുമാറാത്ത ചുമ എന്നീ ലക്ഷണങ്ങള്‍ ഇത്തരം വേദനോയൊപ്പം ഉണ്ടാകാം.
തോള്‍ വേദന പലപ്പോഴും കരള്‍ അല്ലെങ്കില്‍ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. വലത് തോളിന് വേദന അനുഭവപ്പെടുമ്പോള്‍ പലപ്പോഴും അത് പിത്താശയ പ്രശ്നങ്ങളുടെയോ, ഡയഫ്രത്തിന്റെ പ്രശ്നങ്ങളുടെയോ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.
Content Highlights: Six types of back pain; how are they related to the kidneys, liver, and lungs?