
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. വാങ്കഡെയില്‍ നടന്ന ജീവന്മരണ പോരാട്ടത്തില്‍ 59 റണ്‍സിന് വിജയിച്ചതോടെയാണ് മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 18.2 ഓവറില്‍ 121 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്.
The quest for Title No. 6⃣ is alive 🏆
— IndianPremierLeague (@IPL) May 21, 2025
Congratulations to @mipaltan who become the fourth and final team into the #TATAIPL 2025 playoffs 💙 👏#MIvDC pic.twitter.com/gAbUhbJ8Ep
മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സാന്റ്‌നറും ജസ്പ്രിത് ബുംമ്രയുമാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. 39 റണ്‍സ് നേടിയ സമീര്‍ റിസ്വിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ ഇന്ത്യന്‍സ് മാറുകയും ചെയ്തു.
വാങ്കഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് -നമാന്‍ ധിര്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ പുറത്താകാതെ 73 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. നാല് സിക്സും ഏഴ് ബൗണ്ടറിയുമാണ് സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബൈ ഉയര്‍ത്തിയ 181 റണ്‍സെന്ന വിജയലക്ഷ്യം കീഴടക്കാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മുംബൈ ബോളര്‍മാര്‍ വിജയിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറും ജസ്പ്രീത് ബുംമ്രയുമാണ് മുംബൈയ്ക്ക് വേണ്ടി തിളങ്ങിയത്. സാന്റ്‌നറുടെ 4-0-11-3 എന്ന സ്‌പെല്‍ ഡല്‍ഹിയുടെ മധ്യനിരയെ തകര്‍ത്തെറിയുന്നതില്‍ നിര്‍ണായകമായി.
ഡല്‍ഹി നിരയില്‍ സമീര്‍ റിസ്വി (39), വിപ്രാജ് നിഗം (20) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്താന്‍ കഴിഞ്ഞത്. കെ എല്‍ രാഹുല്‍ (11), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (6) എന്നിവരെ തുടക്കത്തിലേ നഷ്ടമായതോടെ ഡല്‍ഹിക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. തകര്‍പ്പന്‍ വിജയത്തോടെ ഒരു ലീഗ് മത്സരം ബാക്കിനില്‍ക്കെ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഐപിഎല്‍ 2025 സീസണിലെ പ്ലേഓഫ് ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.
Content Highlights: IPL 2025, MI vs DC: Mumbai Indians beat Delhi Capitals by 59 runs and take fourth playoff spot