
മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് 65-ാം പിറന്നാളാണ്. ലോകത്താകമാനമുള്ള ലാൽ ആരാധകർ എല്ലാം തങ്ങളുടെ ഇഷ്ടനടന്റെ പിറന്നാൾ വലിയ തരത്തിലാണ് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹൻലാൽ എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഹൻലാൽ നന്ദി പറഞ്ഞത്.
'എന്റെ ജന്മദിനത്തിൽ സ്നേഹം ചൊരിഞ്ഞതിന് എല്ലാവർക്കും നന്ദി. ഓരോ സന്ദേശവും, ആശംസകളും, ഓരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വാത്സല്യത്തിന് അഗാധമായ നന്ദിയുണ്ട്. ഇത്രയേറെ സ്‌നേഹിക്കപ്പെടുക എന്നത് അളവറ്റ സമ്മാനമാണ്', മോഹൻലാൽ കുറിച്ചു. ഹൃദയപൂർവ്വം എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രവും മോഹൻലാൽ പോസ്റ്റിനൊപ്പം പങ്കുവെച്ചു. പിറന്നാൾ ദിനം തന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന നടൻ്റെ ചിത്രം മകൾ വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഭാര്യ സുചിത്ര മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളാണ് മകൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'മനോഹരമായ ഒരു ദിനം. പിറന്നാൾ ആശംസകൾ അച്ഛാ, വീ ലവ് യൂ', എന്ന ക്യാപ്ഷനോടെയാണ് മകൾ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം, പിറന്നാളിനോടനുബന്ധിച്ച് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയപൂർവ്വം, വൃഷഭ എന്നീ സിനിമകളുടെ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
Thank you all for the outpouring of love on my birthday. Every message, every wish, and every thoughtful word meant the world to me. I’m truly humbled by your warmth and deeply grateful for the affection that surrounds me. To feel so loved is a gift beyond measure.
— Mohanlal (@Mohanlal) May 21, 2025
With love and… pic.twitter.com/1T3TVHEkxi
സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവന്നത്. മോഹന്‍ലാലും മാളവിക മോഹനനും സംഗീത് പ്രതാപുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ വന്നിരിക്കുന്നത്. നടൻ മോഹൻലാലിന്റെ സ്വന്തം കൈപ്പടയിലാണ് ഹൃദയപൂർവ്വം എന്ന ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വൃഷഭയുടെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയുമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മുടി നീട്ടിയ ലുക്കിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കിലുള്ളത്. ഒക്ടോബർ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlights: Mohanlal responds to birthday wishes