
5ജി സംവിധാനം മനുഷ്യന്റെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തില്‍ ദോഷകരമായി ബാധിക്കുമോ? ഗൂഢാലോചന സിദ്ധാന്തം അവകാശപ്പെടുന്നത് 5ജി തരംഗങ്ങള്‍ പക്ഷികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു. അപ്പോള്‍ ആളുകള്‍ക്ക് മറ്റൊരു സംശയം, തംരംഗം പക്ഷികളെ ബാധിക്കുമെങ്കില്‍ അത് തീര്‍ച്ചയായും മനുഷ്യരെയും ബാധിക്കില്ലേ. ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് അടുത്തിടെ ഗവേഷകര്‍ നടത്തിയ പഠനം. ഈ പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം 5 ജി തരംഗങ്ങള്‍ കൊണ്ട് മനുഷ്യന്റെ ആരോഗ്യത്തിന് പ്രത്യേകിച്ച് ദോഷമൊന്നും ഉണ്ടാകില്ല.
ജര്‍മ്മനിയിലെ കണ്‍സ്ട്രക്ടര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് 5 ജി തരംഗങ്ങള്‍ക്കൊണ്ട് മനുഷ്യന് ആരോഗ്യ പ്രശ്നമുണ്ടാകില്ലെന്ന് കണ്ടെത്തിയത്. 5ജി ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക് ചര്‍മ കോശത്തിലെ ജീനിന്റെ പ്രവര്‍ത്തനത്തിലോ, ഡിഎന്‍എയിലോ മാറ്റമുണ്ടാകും എന്ന വാദം നിലനിന്നിരുന്നു, എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ലെന്ന് പഠനത്തിലൂടെ തെളിഞ്ഞു.
ഈ ഗവേഷണത്തില്‍ ശാസ്ത്രജ്ഞര്‍ ഉയര്‍ന്ന തീവ്രതയുള്ള 5ജി തരംഗങ്ങള്‍ മനുഷ്യന്റെ ചര്‍മകോശത്തിലൂടെ കടത്തിവിട്ട് പരീക്ഷണം നടത്തി. മനുഷ്യര്‍ക്ക് 5ജി തരംഗങ്ങള്‍ക്കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് കണ്ടെത്താന്‍ പരീക്ഷണത്തിലൂടെ സാധിച്ചു. PNAS Nexusല്‍ പ്രസിദ്ധീകരിച്ച ഈ പഠനം, '5 ജി ഉപയോഗിച്ചാലുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍' എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കാരണമായി.
പരീക്ഷണത്തിനായി രണ്ട് വ്യത്യസ്ത ചര്‍മകോശങ്ങളായ ഫൈബ്രോബ്ലാസ്റ്റുകളിലും, കെരാറ്റിനോസൈറ്റുകളിലും പരിശോധന നടത്തി. ഏറ്റവും ശക്തമായ തരംഗങ്ങള്‍ കടന്ന് പോയപ്പോള്‍ പോലും ചര്‍മകോശങ്ങളുടെ ജീനിന്റെ പ്രവര്‍ത്തനത്തിലോ, ഡിഎന്‍എ മാര്‍ക്കുകളിലോ മാറ്റം വരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Content Highlights: 5G Safety Uncovered: What the Science Says