തിയേറ്ററിൽ നിന്ന് നേടിയത് വെറും 65 ലക്ഷം, പക്ഷെ ആ സിനിമയെ ഓർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു: വിജയ് സേതുപതി

'ആ സിനിമ പിന്നീട് ഉണ്ടാക്കിയ പേരാണ് ഞങ്ങൾക്കുള്ള സപ്പോർട്ട്'

dot image

വിജയ് സേതുപതി, നല്ലണ്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മണികണ്ഠൻ സംവിധാനം ചെയ്ത ഡ്രാമ ചിത്രമാണ് കടൈസി വിവസായി. മികച്ച നിരൂപ പ്രശംസ നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. വിജയ് സേതുപതിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ വിജയ് സേതുപതി.

തിയേറ്ററിൽ നിന്ന് 65 ലക്ഷം രൂപ മാത്രമാണ് കടൈസി വിവസായി നേടിയതെങ്കിലും താൻ ചെയ്തതിൽ എന്നും അഭിമാനിക്കാവുന്ന ഒരു സിനിമയാണ് അതെന്ന് വിജയ് സേതുപതി പറഞ്ഞു. ആ സിനിമ നേടിത്തന്ന പേരാണ് തങ്ങൾക്കുള്ള സപ്പോർട്ടെന്നും നടൻ പറഞ്ഞു. 'നിർമാതാക്കൾക്കല്ല സംവിധായകനായിട്ടാണ് ഞാൻ സിനിമകൾ ചെയ്യുന്നത്. ശമ്പളം മുഴുവനായി ആദ്യം തരാമെന്ന് പറയുന്ന നിർമാതാക്കളുണ്ട്. അതിന് വേണ്ടി ഞാൻ സിനിമ ചെയ്യാറില്ല. കാശ് സമ്പാദിക്കണ്ട എന്ന് ഞാൻ പറയില്ല. എന്നാൽ അത് ശരിയായ സിനിമയിലൂടെ നേടിയാൽ മാത്രമേ നമ്മുടെ കയ്യിൽ നിൽക്കുകയുള്ളൂ. പ്രേക്ഷകരുടെ മനസിലുള്ള വിശ്വാസം പോയിക്കഴിഞ്ഞാൽ അത് തിരികെ ലഭിക്കാൻ പ്രയാസമാണ്. ചില സിനിമകൾ ഇറങ്ങുന്ന സമയത്ത് ഹിറ്റാകണമെന്നില്ല. എന്നാൽ പിന്നീട് അത് ഹിറ്റായി മാറാം.'

'കടൈസി വിവസായി എന്നൊരു പടം ഞാൻ ചെയ്തു. തിയേറ്ററിൽ അതിന്റെ കളക്ഷൻ 65 ലക്ഷം രൂപയാണ്. ആ സിനിമ നിർമിക്കാനായി ചെലവഴിച്ച കാശ് വളരെ കൂടുതലാണ്. എന്നും അഭിമാനിക്കാവുന്ന ഒരു സിനിമയാണത്. ആ സിനിമ പിന്നീട് ഉണ്ടാക്കിയ പേരാണ് ഞങ്ങൾക്കുള്ള സപ്പോർട്ട്. നമ്മൾ ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്താലും, പ്രേക്ഷകർക്കിടയിൽ ആ സിനിമ വർക്ക് ആകാതെ പോകാനുള്ള ചാൻസ് ഉണ്ട്', വിജയ് സേതുപതി പറഞ്ഞു.

യോഗി ബാബു, മുനീശ്വരൻ, കാളി മുത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. എം മണികണ്ഠൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയതും നിർമിച്ചതും. സന്തോഷ് നാരായണൻ, റിച്ചാർഡ് ഹാർവി എന്നിവർ ചേർന്നാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ചിത്രം സോണി ലൈവിൽ ലഭ്യമാണ്.

Content Highlights: I am always proud of Kadaisi Vivasayi says Vijay Sethupathi

dot image
To advertise here,contact us
dot image